പുരാന്‍ പൂരം, 55 പന്തില്‍ 137*; മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിന് പ്രഥമ മേജര്‍ ലീഗ് ക്രിക്കറ്റ് കിരീടം

Published : Jul 31, 2023, 10:27 AM ISTUpdated : Jul 31, 2023, 10:36 AM IST
പുരാന്‍ പൂരം, 55 പന്തില്‍ 137*; മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിന് പ്രഥമ മേജര്‍ ലീഗ് ക്രിക്കറ്റ് കിരീടം

Synopsis

കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്ത സിയാറ്റിൽ ഓര്‍ക്കസ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിന് 183 റണ്‍സാണ് നേടിയത്

ഡാളസ്: അമേരിക്കയിലെ പ്രഥമ മേജര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക് ചാമ്പ്യന്‍മാര്‍. ഫൈനലില്‍ സിയാറ്റിൽ ഓര്‍ക്കസിനെ നിക്കോളാസ് പുരാന്‍റെ വിസ്‌മയ വെടിക്കെട്ടില്‍ 7 വിക്കറ്റിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിന്‍റെ കിരീടധാരണം. ആദ്യം ബാറ്റ് ചെയ്‌ത സിയാറ്റിൽ ഓര്‍ക്കസ് 20 ഓവറില്‍ 9 വിക്കറ്റിന് 183 റണ്‍സ് നേടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക് 16 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 55 പന്തില്‍ 10 ഫോറും 13 സിക്‌സറും സഹിതം പുറത്താകാതെ 137* റണ്‍സെടുത്ത ക്യാപ്റ്റന്‍ നിക്കോളസ് പുരാനാണ് മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ വിജയശില്‍പി. 

കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്ത സിയാറ്റിൽ ഓര്‍ക്കസ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിന് 183 റണ്‍സാണ് നേടിയത്. 52 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം 87 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കാണ് ഓര്‍ക്കസിന്‍റെ ടോപ് സ്കോറര്‍. നോമന്‍ അന്‍വര്‍ 9നും ഷേഹന്‍ ജയസൂര്യ 16നും ഹെന്‍‌റിച്ച് ക്ലാസന്‍ 4നും ആന്‍ഡ്രൂ ടൈ 1നും ഇമാദ് വസീം 7നും ക്യാപ്റ്റന്‍ വെയ്‌ന്‍ പാര്‍നല്‍ 2നും പുറത്തായപ്പോള്‍ ശുഭം രഞ്ജനെ 16 പന്തില്‍ 29 ഉം ഡ്വെയ്‌ന്‍ പ്രിറ്റോറിയസ് 7 പന്തില്‍ 21 ഉം റണ്‍സെടുത്തത് നിര്‍ണായകമായി. 2 റണ്ണുമായി ഹര്‍മീത് സിംഗ് പുറത്താവാതെ നിന്നു. മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിനായി ട്രെന്‍റ് ബോള്‍ട്ടും റാഷിദ് ഖാനും മൂന്ന് വീതം വിക്കറ്റ് സ്വന്തമാക്കി. 4 ഓവറില്‍ 9 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദിന്‍റെ മൂന്ന് വിക്കറ്റ് നേട്ടം. 

മറുപടി ബാറ്റിംഗില്‍ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിന് ഓപ്പണര്‍മാരായ സ്റ്റീവന്‍ ടെയ്‌ലറെ പൂജ്യത്തിനും ഷയാന്‍ ജഹാംഗിറിനെ 10നും ഡെവാള്‍ഡ് ബ്രെവിസിനെ 20നും നഷ്‌ടമായപ്പോള്‍ 55 പന്തില്‍ പുറത്താവാതെ 137* റണ്‍സുമായി ആളിപ്പടരുകയായിരുന്നു നിക്കോളസ് പുരാന്‍. 10 ഫോറും 13 സിക്‌സുമാണ് പുരാന്‍റെ ബാറ്റില്‍ പിറന്നത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക് 16 ഓവറില്‍ 184 റണ്‍സ് വിജയലക്ഷ്യം സ്വന്തമാക്കിയപ്പോള്‍ ടിം ഡേവിഡും(9 പന്തില്‍ 10*) പുറത്താവാതെ നിന്നു. ലീഗ് ഘട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ നാലാമത് മാത്രമുണ്ടായിരുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്. 

Read more: ബ്രോഡിന് ജയയാത്രയപ്പ് നല്‍കാന്‍ ഇംഗ്ലണ്ട്, ഓസീസിന് ജയിക്കാന്‍ 249; ആഷസ് അവസാന ദിനം മഴയില്‍ കുതിരുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി