384 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം നാലാം ഇന്നിംഗ്‌സില്‍ മുന്നില്‍ വന്നിട്ടും പതറാത്ത തുടക്കമാണ് ഡേവിഡ് വാര്‍ണറും ഉസ്‌മാന്‍ ഖവാജയും ഓസീസിന് നല്‍കിയത്

ഓവല്‍: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റ് ശേഷിക്കേ ഓസ്ട്രേലിയക്ക് ജയിക്കാൻ 249 റൺസ് കൂടി വേണം. നാലാം ദിവസം മഴ കാരണം നേരത്തെ കളി നിർത്തിയപ്പോൾ ഓസീസ് വിക്കറ്റ് നഷ്‌ടമാവാതെ 135 റൺസ് എന്ന നിലയിലാണ്. 130 പന്തില്‍ 69 റൺസുമായി ഉസ്‌മാൻ ഖവാജയും 99 ബോളില്‍ 58 റൺസുമായി ഡേവിഡ് വാർണറുമാണ് ക്രീസിൽ. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 395 റൺസ് നേടിയതോടെ 384 റൺസാണ് ഓസീസിന്‍റെ വിജയലക്ഷ്യം. 

384 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം നാലാം ഇന്നിംഗ്‌സില്‍ മുന്നില്‍ വന്നിട്ടും പതറാത്ത തുടക്കമാണ് ഡേവിഡ് വാര്‍ണറും ഉസ്‌മാന്‍ ഖവാജയും ഓസീസിന് നല്‍കിയത്. തന്‍റെ ടെസ്റ്റ് കരിയറിന് തന്നെ വിധിയെഴുതിയേക്കാവുന്ന ഇന്നിംഗ്‌സില്‍ കരുതലോടെ നീങ്ങുകയാണ് വാര്‍ണര്‍. നാലാം ദിനം 38 ഓവര്‍ എറിഞ്ഞിട്ടും ഇംഗ്ലീഷ് ബൗളര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡിനും ജിമ്മി ആന്‍ഡേഴ്‌സണും ക്രിസ് വോക്‌സിനും മൊയീന്‍ അലിക്കും ജോ റൂട്ടിനും മാര്‍ക്ക് വുഡിനും ഓസീസ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാനായില്ല. മഴ കാരണം നാലാം ദിനം ഒരു സെഷനിലേറെ സമയം ബാറ്റ് ചെയ്യാന്‍ കഴിയാതെ വന്നത് ഓസീസിന് നിരാശയായി. ഇതിഹാസ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ജയത്തോടെ യാത്രയപ്പ് നല്‍കാന്‍ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് അഞ്ചാം ദിനം ഇറങ്ങുമ്പോള്‍ ആശങ്ക സമ്മാനിക്കുന്നതാണ് ഓവലില്‍ നിന്നുള്ള കാലാവസ്ഥാ പ്രവചനം. ഇന്നത്തെ മത്സരത്തിനും ഇവിടെ മഴ ഭീഷണിയുണ്ട്. 

ഓവലിലെ അവസാന ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തടിച്ച് ഓസീസിന് മുന്നില്‍ 384 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടുകയായിരുന്നു ഇംഗ്ലണ്ട്. സാക്ക് ക്രൗലി(76 പന്തില്‍ 73), ബെന്‍ ഡക്കെറ്റ്(55 പന്തില്‍ 42), ബെന്‍ സ്റ്റോക്‌സ്(67 പന്തില്‍ 42), ജോ റൂട്ട്(106 പന്തില്‍ 91), ജോണി ബെയ്‌ര്‍സ്റ്റോ(103 പന്തില്‍ 78), മൊയീന്‍ അലി(38 പന്തില്‍ 29) എന്നിവരുടെ കരുത്തില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 81.5 ഓവറില്‍ 395 റണ്‍സ് നേടി. കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന ബൗളിംഗ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ് എട്ട് പന്തില്‍ 8* റണ്‍സുമായി പുറത്താവാതെ നിന്നു. ഹാരി ബ്രൂക്ക്(7), ക്രിസ് വോക്‌സ്(1), മാര്‍ക്ക് വുഡ്(9), ജിമ്മി ആന്‍ഡേഴ്‌സണ്‍(8) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ബാസ്ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ടിന്‍റെ റണ്‍മല കയറ്റം. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ടോഡ് മര്‍ഫിയും നാല് വീതവും ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റും സ്വന്തമാക്കി. 

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 54.4 ഓവറില്‍ 283 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടിയായി ഓസീസ് 103.1 ഓവറില്‍ 295 റണ്‍സുമായി 12 റണ്‍സിന്‍റെ ലീഡ് നേടുകയായിരുന്നു. 71 റണ്‍സെടുത്ത സ്റ്റീവ് സ്‌മിത്തും 47 റണ്‍സെടുത്ത ഉസ്‌മാന്‍ ഖവാജയും പൊരുതിയപ്പോള്‍ വാലറ്റത്ത് നായകന്‍ പാറ്റ് കമ്മിന്‍സ്(36), ടോഡ് മര്‍ഫി(34) എന്നിവരുടെ പ്രയത്നമാണ് ഓസീസിന് ലീഡൊരുക്കിയത്. 

Read more: ഓപ്പണര്‍മാര്‍ അടിപൂരം, ആഷസില്‍ പ്രത്യാക്രമണവുമായി ഓസീസ്; രസംകൊല്ലിയായി മഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം