
ഇന്‍ഡോർ: ബോർഡർ-ഗാവസ്‍കർ ട്രോഫി 4-0ന് ടീം ഇന്ത്യ നേടുമെന്ന ബിസിസിഐ മുന്‍ തലവന്‍ സൗരവ് ഗാംഗുലിയുടെ പ്രവചനത്തിന് മറുപടിയുമായി ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലാർക്ക്. 0-2ന് പിന്നില്‍ നില്‍ക്കുകയാണെങ്കിലും ഓസ്ട്രേലിയ പരമ്പരയില്‍ ശക്തമായി തിരിച്ചെത്തും എന്നാണ് ക്ലാർക്ക് പറയുന്നത്. അതേസമയം ഇന്ത്യയിലുള്ള മാത്യൂ ഹെയ്ഡന്‍റെയും മാർക്ക് വോയുടേയും സേവനം തേടാത്ത ഓസീസ് പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്ഡിനെ ക്ലാർക്ക് ശക്തമായ ഭാഷയില്‍ വിമർശിച്ചു.
ഗാംഗുലി പറഞ്ഞത്
'വൈറ്റ് വാഷ് ഒഴിവാക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. പ്രശ്നം എന്താണെന്ന് ചോദിച്ചാല്‍ നമ്മള്‍ ഈ ഓസീസ് ടീമിനെ മുന്‍ ടീമുകളുമായി താരതമ്യം ചെയ്യുകയാണ്. മുന്‍ ഓസീസ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ ടീം ദുർബലമാണ്. നിങ്ങള്‍ക്ക് മാത്യൂ ഹെയ്ഡനോ ജസ്റ്റിന്‍ ലാംഗറോ റിക്കി പോണ്ടിംഗോ സ്റ്റീവ് വോയോ മാർക്ക് വോയോ ആദം ഗില്‍ക്രിസ്റ്റോ ഇല്ല. അത്രമാത്രം മികവ് നിലവിലെ ടീമിനില്ല. സ്റ്റീവ് സ്‍മിത്ത് മികച്ച താരമാണ്. ഡേവിഡ് വാർണർ കളിക്കുന്നില്ല. ലബുഷെയ്‍നും മികച്ച താരമാണെങ്കിലും ഇന്ത്യയിലെ സാഹചര്യങ്ങള്‍ അദേഹത്തിനും വെല്ലുവിളിയാണ്. ഓരോ താരങ്ങളും വേറിട്ട രീതിയിലാണ് വ്യത്യസ്ത സാഹചര്യങ്ങളില്‍ പരീക്ഷിക്കപ്പെടുന്നത്' എന്നുമായിരുന്നു ദാദയുടെ വാക്കുകള്‍.
ക്ലാർക്കിന്‍റെ പ്രതികരണം
എന്നാല്‍ സൗരവ് ഗാംഗുലിയുടെ പ്രവചനത്തോട് മൈക്കല്‍ ക്ലാർക്കിന്‍റെ മറുപടി ഇങ്ങനെ. 'ഓസ്ട്രേലിയ ശക്തമായി തിരിച്ചെത്തും എന്ന് ഞാന്‍ കരുതുന്നു. അതിന് കഴിഞ്ഞില്ലെങ്കില്‍ അത് ഓസീസ് ആരാധകർക്ക് വലിയ നിരാശയാകും. എന്തുകൊണ്ടാണ് 4-0ന് ഓസീസ് ജയിക്കുക എന്ന് ഗാംഗുലി പറഞ്ഞത് എന്ന് തനിക്കറിയാം. പരമ്പരയ്ക്കായി ഓസീസ് ടീം നേരത്തെ ഇന്ത്യയിലെത്തണമായിരുന്നു. തയ്യാറെടുപ്പുകള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല. ഇന്ത്യയിലേക്ക് പരമ്പര കളിക്കാന്‍ പോകുന്നതിന് മുമ്പ് കുറഞ്ഞത് യുഎഇയിലെങ്കിലും എത്തണമായിരുന്നു. ഇന്ത്യയില്‍ നിർബന്ധമായും പരിശീലന മത്സരം കളിക്കേണ്ടിയിരുന്നു. ഓസ്ട്രേലിയയില്‍ തട്ടിക്കൂട്ട് സാഹചര്യങ്ങളൊരുക്കി ഇന്ത്യയില്‍ വന്ന് പരമ്പര കളിക്കാനാവില്ല. ഇന്ത്യയില്‍ സ്‍പിന്നാണ് പ്രതീക്ഷിക്കേണ്ടത്. ആ സാഹചര്യം ഓസ്ട്രേലിയയില്‍ യാന്ത്രികമായി സൃഷ്ടിക്കാനാവില്ല' എന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു.
കോച്ചിന് രൂക്ഷ വിമർശനം
മാത്യൂ ഹെയ്ഡനും മാർക്ക് വോയും കമന്‍റേറ്റർമാരായി ഇന്ത്യയിലുണ്ട്. ഞാന്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഇരുവരും എല്ലാ ദിവസവും നെറ്റ്സില്‍ വേണം എന്ന് പറയുമായിരുന്നു. അതിന് അവർക്ക് പ്രതിഫലം നല്‍കണമെങ്കില്‍ നല്‍കണം. എല്ലാ പന്തിലും സ്വീപ്പും റിവേഴ്സ് സ്വീപ്പും കളിക്കാന്‍ ശ്രമിക്കരുത് എന്ന് ഹെയ്ഡന്‍ കമന്‍ററിക്കിടെ പറയുന്നത് കേട്ടു. കാരണം ഇന്ത്യയില്‍ എങ്ങനെ സ്വീപ് ഷോട്ട് കളിക്കണം എന്ന് ഹെയ്ഡന് നന്നായി അറിയാം. സ്കോർ 80ലൊക്കെ നില്‍ക്കുമ്പോള്‍ ഇത്തരം ഷോട്ടുകള്‍ കളിക്കാം. എട്ട് റണ്‍സെടുത്ത് നില്‍ക്കുമ്പോഴല്ല കളിക്കേണ്ടത്. എന്തുകൊണ്ടാണ് ഓസീസ് മാനേജ്മെന്‍റ് ഹെയ്ഡനേയും വോയേയും ഉപയോഗിക്കാത്തത്. എന്തുകൊണ്ട് അവരുടെ പരിചയസമ്പത്ത് ഉപയോഗിച്ചുകൂടാ എന്നും ക്ലാർക്ക് ചോദിച്ചു.
ഒടുവില്‍ ആശാന്‍ തന്നെ പന്തെടുത്തു; ഗില്ലിന് ബോള്‍ ചെയ്‍ത് ദ്രാവിഡ്, ഇതൊരു സൂചനയോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!