ഇന്‍ഡോറിലെ നെറ്റ്സില്‍ ശുഭ്മാന്‍ ഗില്ലിന് രാഹുല്‍ ദ്രാവിഡ് പന്തെറിഞ്ഞ് നല്‍കി. ഗില്‍ ഇന്‍ഡോർ ടെസ്റ്റില്‍ കളിക്കുമെന്ന സൂചനയായി ഇതിനെ പലരും കാണുന്നു.

ഇന്‍ഡോർ: ഓസീസിനെതിരായ മൂന്നാം ടെസ്റ്റ് നാളെ ആരംഭിക്കുമ്പോള്‍ കണ്ണുകളത്രയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലാണ്. ഫോമിന്‍റെ ഏഴയലത്ത് പോലുമില്ലാത്ത കെ എല്‍ രാഹുലിനെ കളിപ്പിക്കുമോ എന്നതാണ് ചോദ്യം. മിന്നും ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ പകരക്കാരനായി വരാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഇക്കാര്യത്തില്‍ എന്തായിരിക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശർമ്മയുമടങ്ങുന്ന ടീം മാനേജ്മെന്‍റിന്‍റെ നിലപാട്. എന്തായാലും മത്സരത്തിന് മുന്നോടിയായുള്ള നെറ്റ് സെഷനുകളില്‍ രാഹുലിനും ഗില്ലിനുമൊപ്പം ഏറെ നേരം ദ്രാവിഡ് ചിലവഴിച്ചു. 

ഇന്‍ഡോറിലെ നെറ്റ്സില്‍ ശുഭ്മാന്‍ ഗില്ലിന് ഇന്ന് രാഹുല്‍ ദ്രാവിഡ് പന്തെറിഞ്ഞ് നല്‍കി. ഗില്‍ ഇന്‍ഡോർ ടെസ്റ്റില്‍ കളിക്കുമെന്ന സൂചനയായി ഇതിനെ പലരും കാണുന്നു. ദ്രാവിഡിന് ഗില്ലിന് നെറ്റ്സില്‍ പന്തെറിയുന്ന ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. യുവ താരങ്ങളെ പിന്തുണയ്ക്കുന്ന ദ്രാവിഡിനെ പലരും വാഴ്ത്തുന്നുമുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളെയെല്ലാം വാർത്തെടുത്തയാളാണ് ദ്രാവിഡ്. മുഖ്യ പരിശീലകന്‍ എന്നാല്‍ കസേരയില്‍ നോക്കിയിരിക്കേണ്ട ആളല്ല എന്ന് ദ്രാവിഡ് തെളിയിക്കുകയാണ്, അദേഹത്തിന്‍റെ പ്രയത്നങ്ങളെ അംഗീകരിച്ചേ മതിയാകൂ എന്നും ആരാധകർ പറയുന്നു. ഇന്നലെ കെ എല്‍ രാഹുലിനും ദ്രാവിഡ് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. 

ഇന്‍ഡോറില്‍ നാളെ രാവിലെ 9.30നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ 2-0ന് പരമ്പരയില്‍ ലീഡ് ചെയ്യുകയാണ്. ഇന്‍ഡോറില്‍ ജയിച്ചാല്‍ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ സ്ഥാനമുറപ്പിക്കാം. 

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്.