
ഫിലാഡല്‍ഫിയ: എംബാപെയുടെ ഇരട്ട ഗോളിൽ ഇറാഖിനെ തകർത്ത് ഫ്രാൻസ് നോകൗട്ട് ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ടൂർണമെന്റിന്റെ തുടക്കം മുതലേ ഈ ലോകകപ്പിലെ ഫേവറൈറ്റുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടീം കൂടിയാണ് ഫ്രാൻസ്. മികച്ച സ്‌ക്വാഡ് ഡെപ്ത് ആണ് ഫ്രാൻസിന്റെ ഏറ്റവും വലിയ സവിശേഷത. ഓരോ പൊസിഷനിലും മികച്ച കളിക്കാരെ അണിനിരത്തിക്കൊണ്ടാണ് ദിദിയർ ദെഷാംപ്സ് ഓരോ മത്സരവും പൂർത്തിയാക്കുന്നത്.
ഇന്നത്തെ മത്സരത്തിലെ ഇരട്ട ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്താൻ എംബാപെയ്ക്ക് സാധിച്ചിട്ടുണ്ട്. 18 ഗോളുകളുമായി ലയണൽ മെസി മാത്രമാണ് എംബാപെയ്ക്ക് മുന്നിലുള്ളത്. ഗോളുകൾ നേടി എംബാപെയും ഡെംബലയും തിളങ്ങിയപ്പോൾ കളിയിലെ യഥാർത്ഥ താരം മറ്റൊരു കളിക്കാരൻ ആയിരുന്നു-- ബയേൺ മ്യൂണിക്കിന്റെ റൈറ്റ് വിങ്ങർ മൈക്കിൾ ഒലിസെ.
68 മിനിറ്റ് മാത്രം കളിച്ച ഒലിസെ 2 അസിസ്റ്റുകളാണ് ഇന്നലെ നൽകിയത്. ആറ് ഡ്യൂവലുകളാണ് ഒലിസെ വിൻ ചെയ്തത്. ഇറാഖ് ബോക്സിൽ വച്ച് എംബാപെ ഒലിസെയ്ക്ക് നൽകിയ പാസ് താരം ഗോൾ പോസ്റ്റിലേക്ക് ചിപ്പ് ചെയ്‌തെങ്കിലും ക്രോസ്ബാറിൽ തട്ടിതെറിച്ചതുകൊണ്ട് മാത്രമാണ് ഗോൾ ആവാതിരുന്നത്. നിരവധി ഗോൾ അവസരങ്ങളാണ് താരം സൃഷ്ടിച്ചത്. ഡെമ്പലെയുടെ ഗോളിലേക്ക് വഴിയൊരുക്കിയ പാസ് മാത്രം മതി ഒലിസെയുടെ പ്രതിഭ വിളിച്ചോതാൻ.
റൈറ്റ് വിങ്ങർ പൊസിഷനിൽ ആണെങ്കിലും പരമാവധി മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് പന്തെത്തിക്കുന്ന അറ്റാക്കിങ്ങ് മിഡ്ഫീൽഡർ റോളിലാണ് ഒലിസെയെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാണാൻ കഴിഞ്ഞത്. ഫ്രാൻസിൽ ഗ്രീസ്മാൻ ഒഴിച്ചിട്ടുപോയ വിടവ് നികത്താൻ ഒലിസെയ്ക്ക് സാധിക്കുമെന്നാണ് ഫ്രഞ്ച് ആരാധകർ വിലയിരുത്തുന്നത്.
ലമീൻ യമാൽ, എംബാപ്പെ, മെസി, ബ്രൂണോ ഫെർണാണ്ടസ്, വിറ്റിഞ്ഞ, ഡെംബലെ തുടങ്ങീ ഈ ലോകകപ്പിന്റെ താരമാകുമെന്ന് വിലയിരുത്തപ്പെടുന്നവരുടെ പട്ടികയിൽ താനും മുന്നിൽ തന്നെയുണ്ടെന്നാണ് ആദ്യ രണ്ട് കളിയിലൂടെ തന്നെ ഒലിസെ തെളിയിച്ചത്. ബുണ്ടസ് ലീഗിൽ കഴിഞ്ഞ സീസണിൽ ബയേണിന് വേണ്ടി 32 കളികളിൽ നിന്നും പതിനഞ്ച് ഗോളുകളും 19 അസിസ്റ്റുകളും താരത്തിന്റേതായുണ്ട്. കൂടാതെ പതിമൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 5 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!