ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: വിജയികളെ പ്രവചിച്ച് മൈക്കല്‍ വോണ്‍

By Web TeamFirst Published May 20, 2021, 11:02 AM IST
Highlights

ഫൈനലിന് മുൻപ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നത് ന്യൂസിലൻഡിന് ഗുണം ചെയ്യുമെന്നും വോൺ. 

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡ് ഇന്ത്യയെ തോൽപിക്കുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഇംഗ്ലീഷ് സാഹചര്യങ്ങളും മത്സരത്തിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തുകളും ഇന്ത്യക്ക് വെല്ലുവിളിയാവും. ഇതിനോട് കൂടുതൽ ഇണങ്ങിച്ചേരാൻ കഴിയുക ന്യൂസിലൻഡിനാണ്. ഫൈനലിന് മുൻപ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നത് ന്യൂസിലൻഡിന് ഗുണം ചെയ്യുമെന്നും വോൺ പറഞ്ഞു.

സതാംപ്‌ടണില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ച് തയ്യാറെടുപ്പോടെയാണ് കിവികള്‍ കലാശപ്പോരിന് ഇറങ്ങുക. ജൂണ്‍ രണ്ടിന് ലോര്‍ഡ്‌സില്‍ ആദ്യ ടെസ്റ്റ് തുടങ്ങും. പത്താം തിയതി മുതല്‍ എഡ്‌ജ്‌ബാസ്റ്റണിലാണ് രണ്ടാം മത്സരം. അതേസമയം 24 ദിവസം നീണ്ട ക്വാറന്‍റീന്‍ ടീം ഇന്ത്യയെ ബാധിക്കുമോ എന്ന് കാത്തിരുന്നറിയണം. 

ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം കളിക്കും. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കും ഒരേ സ്‌ക്വാഡിനെയാണ് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.  

click me!