ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരും, തുറന്നടിച്ച് മന്ത്രി വി ശിവന്‍കുട്ടി

By Gopala krishnanFirst Published Nov 10, 2022, 6:36 PM IST
Highlights

ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞ് ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും ടീമില്‍ അവസരം നല്‍കിയ സെലക്ടര്‍മാരുടെ ക്വാട്ട കളിയാണ് ഇന്ത്യയില്‍ നിന്ന് ലോകകപ്പ് തട്ടിത്തെറിപ്പിച്ചതെന്നും ശിവന്‍കുട്ടി

തിരുവനന്തപുരം: ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണെന്നും ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞ് ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും ടീമില്‍ അവസരം നല്‍കിയ സെലക്ടര്‍മാരുടെ ക്വാട്ട കളിയാണ് ഇന്ത്യയില്‍ നിന്ന് ലോകകപ്പ് തട്ടിത്തെറിപ്പിച്ചതെന്നും ശിവന്‍കുട്ടി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.സഞ്ജുവിന് പകരം ടീമിലെത്തിയ കാര്‍ത്തിക്കും പന്തും ഒറ്റ മത്സരത്തില്‍ പോലും രണ്ടക്കം കടന്നില്ലെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

ശിവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.

ടി ട്വന്‍റി  ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗർഭാഗ്യകരമാണ്. അതിൽ വേദനയുണ്ട്.
ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരുമാണ്. വിക്കറ്റ് കീപ്പർ/ ബാറ്ററായി ലോകകപ്പ് ടീമിൽ ഇടം പിടിച്ചത്  ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയിൽ പോലും രണ്ടക്കം  കടക്കാൻ ഇരുവർക്കും ആയിട്ടില്ല.

പവര്‍ പ്ലേ എങ്ങനെ പവറാക്കണം, രോഹിത്തിനെയും രാഹുലിനെയും പാഠം പഠിപ്പിച്ച് ഹെയ്ല്‍സും ബട്‌ലറും

മികച്ച പവർ ഹിറ്ററായ,  ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമിൽ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാൻ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയത്. മറ്റൊരു ഉദാഹരണം നോക്കുക. വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി ട്വന്‍റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്.

അതായത് എങ്ങിനെ ഫോം ഔട്ട്‌ ആണെങ്കിലും ടീമിൽ നിലനിർത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം. വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് പന്ത്‌ ഉണ്ട്, സഞ്ജു ഇല്ല താനും. ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിർത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന്  ഞാൻ ഉറക്കെ തന്നെ വിളിച്ചു പറയും.

click me!