പവര്‍ പ്ലേ എങ്ങനെ പവറാക്കണം, രോഹിത്തിനെയും രാഹുലിനെയും പാഠം പഠിപ്പിച്ച് ഹെയ്ല്‍സും ബട്‌ലറും

Published : Nov 10, 2022, 06:05 PM IST
 പവര്‍ പ്ലേ എങ്ങനെ പവറാക്കണം, രോഹിത്തിനെയും രാഹുലിനെയും പാഠം പഠിപ്പിച്ച് ഹെയ്ല്‍സും ബട്‌ലറും

Synopsis

പവര്‍ പ്ലേയില്‍ പരമവധി റണ്‍സടിക്കുന്നതിന് പകരം പരമാവധി പിടിച്ചു നില്‍ക്കുക. പതിനഞ്ചാം ഓവറിന് ശേഷം വിക്കറ്റ് സൂക്ഷിച്ചുവെച്ച് അവസാന അഞ്ചോവറില്‍ അടിച്ചു തകര്‍ക്കുക. ഇതായിരുന്നു ഇന്ത്യയുടെ സമീപകാലത്തെയും ടി20 ലോകകപ്പിലെയും പ്ലാന്‍.

അഡ്‌ലെയ്ഡ്: കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്കുശേഷം ക്യാപ്റ്റനായ രോഹിത് ശര്‍മ കൊണ്ടുവന്ന പുതിയ സമീപനം വിക്കറ്റ് നഷ്ടമായാലും തുടക്കം മുതല്‍ കണ്ണുംപൂട്ടി അടിക്കുക, പവര്‍ പ്ലേയില്‍ തന്നെ ആധിപത്യം നേടുക എന്നതായിരുന്നു. ഇന്ത്യന്‍ പിച്ചുകളിലെ ഏതാനും മത്സരങ്ങളില്‍ രോഹിത്തും സംഘവും ഇത് ഫലപ്രദമായി നടപ്പാക്കി. എന്നാല്‍ പിന്നീട് എപ്പോഴോ ഇന്ത്യ പവര്‍ പ്ലേ പവറാക്കുന്ന പരിപാടി നിര്‍ത്തി പഴയ ഏകദിന ശൈലിയിലേക്ക് മടങ്ങിയപ്പോയി.

പവര്‍ പ്ലേയില്‍ പരമവധി റണ്‍സടിക്കുന്നതിന് പകരം പരമാവധി പിടിച്ചു നില്‍ക്കുക. പതിനഞ്ചാം ഓവറിന് ശേഷം വിക്കറ്റ് സൂക്ഷിച്ചുവെച്ച് അവസാന അഞ്ചോവറില്‍ അടിച്ചു തകര്‍ക്കുക. ഇതായിരുന്നു ഇന്ത്യയുടെ സമീപകാലത്തെയും ടി20 ലോകകപ്പിലെയും പ്ലാന്‍. ആദ്യ മത്സരത്തില്‍ പാക് പേസിന് മുന്നില്‍ ചൂളിയ രോഹിത്തും രാഹുലും ചേര്‍ന്ന് പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പെ മടങ്ങി. പാക്കിസ്ഥാനെതിരെ രോഹിത് ഏഴ് പന്തില്‍ നാലു റണ്‍സുമായി മടങ്ങിയപ്പോള്‍  രാഹുലും ഒന്നും ചെയ്യാതെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി.

പഴി ബൗളര്‍മാര്‍ക്ക്! തോല്‍വിയുടെ കാരണം വിശദീകരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

നെതര്‍ലന്‍ഡ്സിനെതിരെ രോഹിത് രണ്ട് തവണ ജീവന്‍ ലഭിച്ചപ്പോള്‍ അര്‍ധസെഞ്ചുറി നേടി. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലെ പരാജയത്തിനുശേഷം ബംഗ്ലാദേശിനും സിംബാബ്‌വെക്കുമെതിരെ രാഹുലും അര്‍ധസെഞ്ചുറി നേടി ടീമിലെ ഓപ്പണര്‍ സ്ഥാനം സുരക്ഷിതമാക്കി. ഈ ലോകകപ്പില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിച്ച രണ്ടാമത്തെ ബാറ്ററാണ് രാഹുല്‍. പവര്‍ പ്ലേയില്‍ 76 പന്ത് നേരിട്ട രാഹുല്‍ 46 ഡോട്ട് ബോളുകളാണ് കളിച്ചത്(60.56 ശതമാനം ഡോട്ട് ബോളുകള്‍).

മൂന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മയാകട്ടെ സെമിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം വരെ പവര്‍ പ്ലേയില്‍ 58 പന്തുകള്‍ നേരിട്ടപ്പോല്‍ അതില്‍ 34ഉം ഡോട്ട് ബോളായിരുന്നു(58.62 ശതമാനം).71.11 ശതമാനം ഡോട്ട് ബോളുകളുമായി ഒന്നാം സ്ഥാനത്ത് പാക് നായകന്‍ ബാബര്‍ അസമാണ്.  സെമി വരെ ആകെ നേരിട്ട 45 പന്തില്‍ ബാബര്‍ 32ഉം ഡോട്ട് ബോളാക്കി. നാലാം സ്ഥാനത്ത് ബാബറിന്‍റെ ഓപ്പണിംഗ് പങ്കാളിയായ മുഹമ്മദ് റിസ്‌വാന്‍ തന്നെ. സെമിവരെ നേരിട്ട 72 പന്തില്‍ 42 ഡോട്ട് ബോളുകള്‍.

അന്ന് ബാബറും റിസ്‌വാനും, ഇന്ന് ബട്‌ലറും ഹെയ്ല്‍സും; ഇന്ത്യക്ക് ലോകകപ്പ് ചരിത്രത്തിലെ വലിയ നാണക്കേട്

ഫീല്‍ഡിംഗ് നിയന്ത്രണമുള്ള പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാതെ മികച്ച സ്കോറുയര്‍ത്താനാവില്ലെന്നിരിക്കെ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഈ മെല്ലെപ്പോക്ക് സമീപനമാണ് ലോകകപ്പിലെ ഇന്ത്യയുടെ വലിയ തിരിച്ചടിക്ക് കാരണമായത്. വണ്‍ ഡൗണായി എത്തുന്ന വിരാട് കോലി ഡോട്ട് ബോളുകള്‍ കളിക്കാതെ പരമാവധി സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാണ് സ്കോര്‍ ഉയര്‍ത്തിയിരുന്നത്. നാലാം നമ്പറിലെത്തുന്ന സൂര്യകുമാര്‍ യാദവ് ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ സ്കോറുയരാന്‍ കാരണമായത്. നിലയുറപ്പിച്ച് കളിക്കുന്ന കോലി 16-17 ഓവര്‍ വരെ 40 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ പരമാവധി റണ്‍സടിക്കാനാണ് ശ്രമിച്ചത്.

മറുവശത്ത് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും സെമിവരെ ഒരു മത്സരത്തിലൊഴികെ പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കുന്നതില്‍ പിന്നിലായിരുന്നെങ്കിലും നിര്‍ണായക നോക്കൗട്ട് മത്സരത്തില്‍ ബട്‌ലര്‍ ഫോമിലായി. പവര്‍ പ്ലേയില്‍ എങ്ങനെയാണ് കളിക്കേണ്ടത് എന്ന് തനിക്ക് ഏറ്റവും വലിയ ഭീഷണിയായ ഭുവനേശ്വര്‍ കുമാറിന്‍റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച് ബട്‌ലര്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കാട്ടികൊടുത്തു. ബട്‌ലര്‍ തെളിച്ച വഴിയിലൂടെ അനാസായം ഹെയ്ല്‍സും മുന്നേറിയതോടെ ഇന്ത്യ തലകുനിച്ച് മടങ്ങി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടിവി അമ്പയറുടെ ഭീമാബദ്ധം, നോ ബോളായിട്ടും കണ്ടില്ലെന്ന് നടിച്ചപ്പോൾ ബുമ്രക്ക് സ്വന്തമായത് ചരിത്രനേട്ടം
മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്