
ലക്‌നൗ: ഏകദിന ക്രിക്കറ്റില്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോര്‍ഡ് കൂടി പേരിലാക്കി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. വനിതകളില്‍ 7,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി മിതാലി. ദക്ഷിണാഫ്രിക്ക വനിതകള്‍ക്കെതിരായ നാലാം ഏകദിനത്തിനിടെയാണ് മിതാലി നേട്ടത്തിലെത്തിയത്.
മത്സരം തുടങ്ങുമ്പോള്‍ 6,974 റണ്‍സായിരുന്നു മിതാലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 26 റണ്‍സ് ചേര്‍ത്തവേ മിതാലി നാഴികക്കല്ല് പൂര്‍ത്തിയാക്കി. കരിയറിലെ 213-ാം ഏകദിനത്തിലാണ് ഏഴായിരം ക്ലബിലിടം പിടിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏകദിന റണ്‍വേട്ടയില്‍ മിതാലിക്ക് പിന്നില്‍ രണ്ടാമത് നില്‍ക്കുന്ന ഇംഗ്ലണ്ടിന്‍റെ ഷാര്‍ലറ്റ് എഡ്വേർഡ്‌സിന് 5,992 റണ്‍സേയുള്ളൂ.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി 266 റണ്‍സെടുത്തപ്പോള്‍ അഞ്ച് റണ്ണകലെ മിതാലിക്ക് അര്‍ധ സെഞ്ചുറി നഷ്‌ടമായി. ടുമി പുറത്താക്കുമ്പോള്‍ 71 പന്തില്‍ 45 റണ്‍സാണ് ഉണ്ടായിരുന്നത്. നാല് ഫോറുകള്‍ മിതാലിയുടെ ബാറ്റില്‍ നിന്ന് പിറന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമെന്ന നേട്ടത്തില്‍ കഴിഞ്ഞ മത്സരത്തില്‍ മിതാലി രാജ് ഇടംപിടിച്ചിരുന്നു. ഏകദിന റണ്‍സിന് പുറമെ ട്വന്റി20യില്‍ 2,364 റണ്‍സും 10 ടെസ്റ്റുകളില്‍ 663 റണ്‍സും മിതാലിക്കുണ്ട്. അന്താരാഷ്ട്ര തലത്തില്‍ 10,000 റണ്‍സ് നേടുന്ന രണ്ടാമത്തെ വനിതയാണ് മിതാലി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേർഡ്‌സാണ് ആദ്യമായി 10,000 ക്ലബിലെത്തിയത്.
പൂനം റൗത്തിന് സെഞ്ചുറി; നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മികച്ച സ്‌കോര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!