ഓപ്പണര്‍ സ്‌മൃതി മന്ദാനയെ അഞ്ചാം ഓവറില്‍ തന്നെ ഷബ്‌നിം ഇസ്‌മായിലിന്‍റെ പന്തില്‍ നഷ്‌ടമായെങ്കിലും ഇന്ത്യന്‍ വനിതകള്‍ പതറിയില്ല. 

ലക്‌നൗ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ നാലാം ഏകദിനത്തില്‍ പൂനം റൗത്തിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 266 റണ്‍സെടുത്തു. 123 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതം 104 റണ്‍സെടുത്ത റൗത്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

ഓപ്പണര്‍ സ്‌മൃതി മന്ദാനയെ അഞ്ചാം ഓവറില്‍ തന്നെ ഷബ്‌നിം ഇസ്‌മായിലിന്‍റെ പന്തില്‍ നഷ്‌ടമായ ശേഷം തിരിച്ചെത്തുകയായിരുന്നു ഇന്ത്യ. 16 പന്തില്‍ 10 റണ്‍സ് മാത്രമേ മന്ദാന നേടിയുള്ളൂ. പിന്നീട് ക്രീസില്‍ എത്തിയ താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നടന്നുകയറി. രണ്ടാം വിക്കറ്റില്‍ 44 റണ്‍സും മൂന്നാം വിക്കറ്റില്‍ 103 റണ്‍സും നാലാം വിക്കറ്റില്‍ 88 റണ്‍സും പിറന്നത് ഇന്ത്യക്ക് കരുത്തായി. 

പൂനം റൗത്തിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു ഏറ്റവും ശ്രദ്ധേയം. 119 പന്തില്‍ നിന്ന് പൂനം മൂന്നക്കം തികച്ചു. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ പൂനം 123 പന്തില്‍ 104 റണ്‍സുമായും ദീപ്‌തി ശര്‍മ്മ 4 പന്തില്‍ എട്ട് റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഓപ്പണര്‍ പ്രിയ പൂനിയ 51 പന്തില്‍ 32 ഉം ക്യാപ്റ്റന്‍ മിതാലി രാജ് 71 പന്തില്‍ 45 ഉം റണ്‍സ് നേടി. ഹര്‍മന്‍പ്രീത് കൗര്‍ 35 പന്തില്‍ 54 റണ്‍സുമായി തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. 

6, 6, 6, 6! ത്രസിപ്പിച്ച് വിന്‍റേജ് യുവി വെടിക്കെട്ട്, കയ്യടിച്ച് മുന്‍താരങ്ങള്‍- വീഡിയോ