മിതാലി രാജ് ടി20 മതിയാക്കി; തീരുമാനം ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട്

By Web TeamFirst Published Sep 3, 2019, 2:39 PM IST
Highlights

മുപ്പത്തിയാറുകാരിയായ മിതാലി 32 മത്സരങ്ങളില്‍ ടീം ഇന്ത്യയെ നയിച്ചിട്ടുണ്ട്. മൂന്ന് ലോകകപ്പുകളില്‍(2012, 2014, 2016) ഇന്ത്യ നയിച്ചതും മിതാലിയാണ്.

മുംബൈ: ഇതിഹാസ ഇന്ത്യന്‍ ക്രിക്കറ്റര്‍ മിതാലി രാജ് രാജ്യാന്തര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മുപ്പത്തിയാറുകാരിയായ മിതാലി 32 മത്സരങ്ങളില്‍ ടീം ഇന്ത്യയെ നയിച്ചിട്ടുണ്ട്. മൂന്ന് ടി20 ലോകകപ്പുകളില്‍(2012, 2014, 2016) ഇന്ത്യ നയിച്ചതും മിതാലിയാണ്. 2021 ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മിതാലി ടി20 മതിയാക്കുന്നത്.

'ടീം ഇന്ത്യയെ ടി20യില്‍ 2006 മുതല്‍ പ്രതിനിധീകരിച്ചതിന് ശേഷം വിരമിക്കുകയാണ്. 2021 ഏകദിന ലോകകപ്പിനായി തയ്യാറെടുക്കാനാണ് ഈ തീരുമാനം. രാജ്യത്തിനായി ഒരു ലോകകപ്പ് നേടണമെന്ന ആഗ്രഹം അവശേഷിക്കുന്നു, അതിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. വലിയ പിന്തുണയ്‌ക്ക് ബിസിസിഐക്ക് നന്ദിയറിയിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം സീരിസിന് തയ്യാറെടുക്കുന്ന ടി20 ടീമിന് എല്ലാ ആശംസകളും നേരുന്നു' എന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി പറഞ്ഞു. 

ടി20യില്‍ 2006ല്‍ ടീം ഇന്ത്യ അരങ്ങേറുമ്പോള്‍ മിതാലിയായിരുന്നു ക്യാപ്റ്റന്‍. അന്താരാഷ്‌ട്ര ടി20യില്‍ 89 മത്സരങ്ങള്‍ കളിച്ച മിതാലി 2364 റണ്‍സ് നേടി. 19 അര്‍ധ സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ വനിതാ താരമാണ് മിതാലി. രണ്ടായിരം ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ താരവും മിതാലിയാണ്. 

click me!