പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് പിന്‍മാറി മുഹമ്മദ് ആമിറും ഹാരിസ് സൊഹൈലും

By Web TeamFirst Published Jun 11, 2020, 10:51 PM IST
Highlights

ഓഗസ്റ്റിലും സെപ്റ്റംബറിലുമായി പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുന്നത്.

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ആമിറും മധ്യനിര ബാറ്റ്സ്മാന്‍ ഹാരിസ് സൊഹൈലും പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരുവരുടെയും പിന്‍മാറ്റം. ഓഗസ്റ്റില്‍ രണ്ടാമത്തെ കുട്ടിയുടെ അച്ഛനാവാന്‍ പോവുന്നതിനാലാണ് പരമ്പരയില്‍ നിന്ന് പിന്‍മാറുന്നതെന്ന് ആമിര്‍ അറിയിച്ചു.


കുടുംബപരമായ പ്രശ്നങ്ങളാലാണ് സൊഹൈലിന്റെ പിന്‍മാറ്റമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുന്നത്. പരമ്പരക്കായി 28 കളിക്കാരെയും 14 സപ്പോര്‍ട്ട് സ്റ്റാഫിനെയുമാണ് പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിലേക്ക് അയക്കുക.

രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പാക് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്താനിരുന്ന ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലനം പിസിബി റദ്ദാക്കിയിരുന്നു. ജൂലൈ ആറിനാണ് പാക്കിസ്ഥാന്‍ ടീം ഇംഗ്ലണ്ടിലെത്തേണ്ടതെങ്കിലും ഇത് നേരത്തെ ആക്കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെത്തിയാല്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പാക് ടീം പൂര്‍ത്തിയാക്കിക്കേണ്ടതുണ്ട്.

click me!