
കറാച്ചി: ഏഷ്യാ കപ്പ് വേദി സംബന്ധിച്ച തര്‍ക്കത്തില്‍ ബിസിസിഐ പാക്കിസ്ഥാനെയും പാക് ക്രിക്കറ്റിനെയും അപമാനിച്ചുവെന്ന് മുന്‍ പാക് താരം മുഹമ്മദ് ആമിര്‍. പാക്കിസ്ഥാനില്‍ കളിക്കാനില്ലെന്ന നിലപാടെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈബ്രിഡ് മോഡല്‍ മുന്നോട്ടുവെച്ചപ്പോള്‍ അത് തള്ളുകയും ഇപ്പോള്‍ ഹൈബ്രിഡ് മോഡലില്‍ കളിക്കാമെന്ന് സമ്മതിക്കുകയും ചെയ്തതിലൂടെ പാക് ക്രിക്കറ്റിനെ പൂര്‍ണമായും എഴുതിത്തള്ളുകയും അപമാനിക്കുകയുമാണ് ചെയ്തതെന്നും ആമിര്‍ ക്രിക്കറ്റ് പാക്കിസ്ഥാനോട് പ്രതികരിച്ചു.
പാക് ക്രിക്കറ്റ് ബോര്‍ഡിനോ പാക് ക്രിക്കറ്റിനോ ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന സന്ദേശമാണ് ബിസിസിഐ ഇതിലൂടെ നല്‍കിയത്. അത് അവര്‍ ആവര്‍ത്തിച്ചു ചെയ്യുന്നുമുണ്ട്. നിങ്ങളെന്ത് പറഞ്ഞാലും ചെയ്താലും ഞങ്ങളെ അതൊന്നും ബാധിക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഒരു കുട്ടിയോട് ചോക്ലേറ്റ് കഴിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും അത് കഴിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടേത് പോലെയാണ് ബിസിസിഐ പെരുമാറുന്നത്. പാക്കിസ്ഥാനില്‍ കളിക്കാനാവുന്നില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുമ്പോള്‍ ഓരോ ഒഴിവ് കഴിവുകള്‍ പറഞ്ഞ് ബിസിസിഐ ഒഴിവാക്കുകയാണ് ചെയ്യുന്നത്.
സുരക്ഷാ കാരണങ്ങളാലാണ് പാക്കിസ്ഥാനില്‍ കളിക്കാത്തത് എന്നാണ് ബിസിസിഐ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് എല്ലാവിധ സുരക്ഷയും പാക് ക്രിക്കറ്റ് ബോര്‍ഡ് വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ നാലു ദിവസമായി ഐസിസി സംഘം പാക്കിസ്ഥാനിലുണ്ടായിരുന്നു. അവര്‍ക്ക് സുരക്ഷയുടെ കാര്യത്തില്‍ യാതൊരു ആശങ്കയും ഉണ്ടായിരുന്നില്ലെന്നും ആമിര്‍ പറഞ്ഞു.
സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്പക്ഷ വേദിയില്‍ നടത്തുന്ന ഹൈബ്രിഡ് മോഡല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യം തള്ളിയ ബിസിസിഐ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍വാങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഒത്തുതീര്‍പ്പെന്ന നിലയില്‍ ഹൈബ്രിഡ് മോഡലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ തത്വത്തില്‍ സമ്മതിച്ചു.
ഇതനുസരിച്ച് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയാവും വേദിയാവുക എന്നാണ് സൂചന. ഹൈബ്രിഡ് മോഡലിന് ബിസിസിഐ അനുകൂല നിലപാടെടുത്തോടെ ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനില്ലെന്നും അഹമ്മദാബാദില്‍ ലീഗ് മത്സരങ്ങള്‍ കളിക്കില്ലെന്നുമുള്ള നിലപാട് പാക്കിസ്ഥാനും മയപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 15ന് അഹമ്മദാബിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!