ഇങ്ങനെയെങ്കില്‍ ലോകകപ്പില്‍ ഒരു പ്രതീക്ഷയും വേണ്ട; രൂക്ഷ വിമര്‍ശനവുമായി മുഹമ്മദ് കൈഫ്

By Web TeamFirst Published Dec 10, 2020, 11:44 AM IST
Highlights

ഇതാണ് ഫീല്‍ഡര്‍മാരുടെ നിലവാരമെങ്കില്‍ വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് അധികം മുന്നോട്ട് പോകാനാകില്ലെന്നാണ് കൈഫ് പറയുന്നത്.

ദില്ലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയെങ്കിലും ഇന്ത്യയുടെ ഫീല്‍ഡിങ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ച വിഭാഗം ഫീല്‍ഡര്‍മാരാണ്. എന്നാല്‍ ഓസ്ട്രേലിയയില്‍ കണ്ടത് അനായാസ ക്യാച്ചുകള്‍ പോലും താഴേയിടുന്ന ഫീല്‍ഡര്‍മാരെയാണ്. അതും പേരുകേട്ട വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരൊക്കെ. സ്‌കൂള്‍ കൂട്ടികളേപോലും നാണിപ്പിക്കുന്ന വിധത്തിലായിരുന്നു ഇന്തന്‍ താരങ്ങളുടെ ഫീല്‍ഡിംഗ്. 

ഇപ്പോള്‍ ഫീല്‍ഡിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇതാണ് ഫീല്‍ഡര്‍മാരുടെ നിലവാരമെങ്കില്‍ വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് അധികം മുന്നോട്ട് പോകാനാകില്ലെന്നാണ് കൈഫ് പറയുന്നത്. അദ്ദേഹം കളിച്ചിരുന്നു സമയത്തേയും ഇപ്പോഴത്തേയും ഫീല്‍ഡര്‍മാരെയും താരമത്യപ്പെടുത്തുകയാണ് കൈഫ് ''ഞാന്‍ കളിച്ചിരുന്ന സമയത്ത് കാര്യങ്ങള്‍ കുറച്ച് കടുപ്പമായിരുന്നു. അന്ന് ജവഗല്‍ ശ്രീനാഥ്, അനില്‍ കുംബ്ലെ, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളായിരുന്നു പന്തെറിഞ്ഞിരുന്നത്. ഒരു ക്യാച്ച് വിട്ടുകളഞ്ഞാല്‍ അവര്‍ തുറിച്ചുനോക്കി നമ്മളെ ഭയപ്പെടുത്തുമായിരുന്നു. ഇത് കാരണം ഫീല്‍ഡര്‍മാര്‍ക്ക് സമ്മര്‍ദ്ദം കൂടുതലായിരുന്നു. പിഴവ് വരുത്താതിരിക്കാന്‍ വേണ്ടി ഫീല്‍ഡര്‍മാര്‍ കൂടുതല്‍ സമയം പരിശീലനം നടത്തുമായിരുന്നു. 

എന്നാല്‍ ഇപ്പോഴത്തെ ടീമില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഇപ്പോഴുളള ബൗളര്‍മാരില്‍ മിക്കവരും യുവാക്കളാണ്. ഫീല്‍ഡര്‍മാര്‍ സീനിയര്‍ താരങ്ങളും. അവര്‍ പിഴവ് വരുത്തിയാല്‍ ബൗളര്‍മാര്‍ക്ക് ഒന്നും പറയാന്‍ കഴിയില്ല. മുഖത്ത് നിരാശ പ്രകടമാക്കി അടുത്ത പന്തെറിയാന്‍ പോവുക മാത്രമാണ് ചെയ്യുന്നത്. ഇപ്പോള്‍ ടീമിലുള്ള നടരാജന്‍, ദീപക് ചാഹര്‍ എന്നിവരെല്ലാം യുവ താരങ്ങളാണ്. അവര്‍ കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. ഫീല്‍ഡര്‍ പിഴവ് വരുത്തിയാലും ഇവര്‍ ഒന്നും പറയില്ല. അതു കളിയുടെ ഭാഗമാണെന്നു കരുതുകയും ചെയ്യും. എന്നാല്‍ ഇതു കളിയുടെ ഭാഗമല്ല.'' കൈഫ് പറഞ്ഞു. 

ഫീല്‍ഡിങിലെ ഇത്തരത്തിലുള്ള പിഴവുകള്‍ക്കു അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു കൈഫ് മുന്നറിയിപ്പ് നല്‍കി. 2021 ഒക്ടോബറില്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നേടണമെന്നു ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫീല്‍ഡിങ് മെച്ചപ്പെടുത്തിയേ തീരൂ. മുന്‍ താരം പറഞ്ഞുനിര്‍ത്തി.

click me!