Latest Videos

ട്വന്‍റി 20 ലോകകപ്പ്: സഞ്ജു സാംസണിനെ തഴഞ്ഞു; പ്ലേയിംഗ് ഇലവന്‍ തെരഞ്ഞെടുത്ത് മുഹമ്മദ് കൈഫ്

By Web TeamFirst Published Apr 13, 2024, 3:03 PM IST
Highlights

ഫോമിലല്ലെങ്കിലും രോഹിത് ശര്‍മ്മയ്ക്കൊപ്പം യശസ്വി ജയ്‌സ്വാളിനെയാണ് മുഹമ്മദ് കൈഫ് ഓപ്പണറായി തെരഞ്ഞെടുത്തത്

മുംബൈ: ടീം ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡിനെയും പ്ലേയിംഗ് ഇലവനേയും കുറിച്ച് പ്രവചനങ്ങള്‍ മുറുകുന്നു. ഇന്ത്യന്‍ മുന്‍ ബാറ്റര്‍ മുഹമ്മദ് കൈഫാണ് ഏറ്റവും പുതിയതായി ഇലവനെ തെരഞ്ഞെടുത്തത്. കൈഫിന്‍റെ പ്ലേയിംഗ് ഇലവനില്‍ മലയാളികളുടെ പ്രിയപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇല്ല എന്നതാണ് സങ്കടകരം. ടീം ഇന്ത്യയുടെ ഓപ്പണര്‍ക്കും സ്റ്റാര്‍ ഫിനിഷര്‍ക്കും ടീമില്‍ സ്ഥാനമില്ല. 

ഫോമിലല്ലെങ്കിലും രോഹിത് ശര്‍മ്മയ്ക്കൊപ്പം യശസ്വി ജയ്‌സ്വാളിനെയാണ് മുഹമ്മദ് കൈഫ് ഓപ്പണറായി തെരഞ്ഞെടുത്തത്. വിരാട് കോലി മൂന്നും സൂര്യകുമാര്‍ യാദവ് നാലും പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അഞ്ചും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ആറും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യണം എന്ന് കൈഫ് വ്യക്തമാക്കി. സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായ അക്‌സര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയേയും കൈഫ് ഒരേസമയം ഇലവനില്‍ ഉള്‍പ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. ബാറ്റിംഗ് കരുത്ത് കൂട്ടുന്നതിന് വേണ്ടിയാണ് മൂന്ന് ഓള്‍റൗണ്ടര്‍മാരെ ടീമിലെടുക്കുന്നത് എന്ന് കൈഫ് വിശദീകരിച്ചു. അക്‌സര്‍ ഏഴും ജഡേജ എട്ടും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഒന്‍പതാമനായി സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ പേരാണ് കൈഫ് നിര്‍ദേശിച്ചത്. ജസ്പ്രീത് ബുമ്രയും അര്‍ഷ്‌ദീപ് സിംഗുമാണ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. 

ഐപിഎല്ലില്‍ തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍, ഫിനിഷറായി പേരെടുത്തിട്ടുള്ള റിങ്കു സിംഗ്, പേസര്‍ മുഹമ്മദ് സിറാജ് തുടങ്ങിയവര്‍ മുഹമ്മദ് കൈഫിന്‍റെ ഇലവനില്‍ ഇടംപിടിച്ചില്ല. നിലവില്‍ ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ ഗില്‍ മൂന്നാമതും സഞ്ജു നാലാമതുമുണ്ട്. രണ്ടാമത് നില്‍ക്കുന്ന യുവ ബാറ്റര്‍ റിയാന്‍ പരാഗിനും ഇലവനില്‍ സ്ഥാനമില്ല എന്നത് എടുത്തുപറയേണ്ടതാണ്. 

Read more: ഈ മൂവരും ചേര്‍ന്നാല്‍ ട്വന്‍റി 20 ലോകകപ്പ് ഇങ്ങെടുക്കാം; 'അണ്‍ക്യാപ്‌ഡ്' പോരാട്ടവും ശക്തം    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!