Latest Videos

ഈ മൂവരും ചേര്‍ന്നാല്‍ ട്വന്‍റി 20 ലോകകപ്പ് ഇങ്ങെടുക്കാം; 'അണ്‍ക്യാപ്‌ഡ്' പോരാട്ടവും ശക്തം

By Web TeamFirst Published Apr 13, 2024, 2:17 PM IST
Highlights

അതിവേഗ പന്തുകള്‍ കൊണ്ട് ഇതിനകം അമ്പരപ്പിച്ചുകഴിഞ്ഞു വലംകൈയനായ മായങ്ക് യാദവ്

മുംബൈ: ജൂണില്‍ ആരംഭിക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള ട്രയല്‍ റണ്ണാണ് ഐപിഎല്‍ 2024 സീസണ്‍. ലോകകപ്പ് സ്ക്വാഡില്‍ ഇടംനേടാന്‍ ഐപിഎല്ലിലെ പ്രകടനം താരങ്ങള്‍ക്ക് നിര്‍ണായകമാണ്. ഐപിഎല്‍ വഴി ലോകകപ്പ് ടീമിലെത്താന്‍ യുവ താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ടി20 ലോകകപ്പ് സ്ക്വാഡ് സംബന്ധിച്ച് സ്ഥിരീകരണമെന്നും ഇപ്പോഴില്ല എങ്കിലും മൂന്ന് അണ്‍ക്യാപ്‌ഡ് താരങ്ങളെ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിക്കാവുന്നതാണ്.

1. മായങ്ക് യാദവ്

അതിവേഗ പന്തുകള്‍ കൊണ്ട് ഇതിനകം അമ്പരപ്പിച്ചുകഴിഞ്ഞു വലംകൈയനായ മായങ്ക് യാദവ്. സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ഊര്‍ജമായിക്കഴിഞ്ഞ പേസറാണ് ഈ 21 വയസുകാരന്‍. 150 കിലോമീറ്ററിലേറെ വേഗമുള്ള അതിവേഗ പന്തുകളില്‍ കൃത്യമായ ലൈനും ലെങ്തും കണ്ടെത്താന്‍ കഴിയുന്നതാണ് മായങ്കിന്‍റെ സവിശേഷത. മൂന്ന് കളികളിലായി ആറ് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ നിലവില്‍ മായങ്ക് യാദവ് പരിക്കിന്‍റെ പിടിയിലാണ്. മായങ്ക് യാദവിനെ ലോകകപ്പ് സ്ക്വാഡില്‍ എടുക്കണം എന്ന ആവശ്യം ഇതിനകം സജീവമാണ്. 

2. അഭിഷേക് ശര്‍മ്മ

ലോകകപ്പ് ടീമില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഓപ്പണറാവും എന്ന് കരുതിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍ യശസ്വി ജയ്സ്വാള്‍ ഐപിഎല്ലില്‍ താളം കണ്ടെത്തിയിട്ടില്ല. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ വെടിക്കെട്ട് തുടക്കവുമായി അഭിഷേക് ശര്‍മ്മ ശ്രദ്ധ നേടുകയാണ്. അഞ്ച് ഇന്നിംഗ്‌സുകള്‍ കളിച്ച താരം 208.24 പ്രഹരശേഷിയില്‍ 177 റണ്‍സ് നേടിക്കഴിഞ്ഞു. ജയ്‌സ്വാളിനെ പോലെ അഭിഷേക് ശര്‍മ്മയും ഇടംകൈയന്‍ ഓപ്പണറാണ്. 23 വയസാണ് അഭിഷേകിന്‍റെ പ്രായം. 

3. റിയാന്‍ പരാഗ് 

ഈ സീസണിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഈ മധ്യനിര ബാറ്ററാണ്. അ‍ഞ്ച് മത്സരങ്ങളില്‍ 87.00 ശരാശരിയിലും 158.18 പ്രഹരശേഷിയിലും മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 261 റണ്‍സുമായി ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാമത് നില്‍ക്കുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 29 ബോളില്‍ 43 റണ്‍സെടുത്താണ് പരാഗ് സീസണ്‍ തുടങ്ങിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 84* ഉം, മുംബൈ ഇന്ത്യന്‍സിനെതിരെ 54* ഉം നേടി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കഴിഞ്ഞ കളിയില്‍ 76 റണ്‍സും അടിച്ചെടുത്തു. 22 വയസാണ് വലംകൈയന്‍ ബാറ്ററായ റിയാന്‍ പരാഗിന്‍റെ പ്രായം. 

Read more: 'അവനെ ലോകകപ്പ് ടീമില്‍ കണ്ടാല്‍ അത്ഭുതപ്പെടില്ല', രാജസ്ഥാന്‍ ബാറ്ററുടെ പേരുമായി ജാഫര്‍; സഞ്ജു സാംസണ്‍ അല്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!