
റായ്പൂർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ പേസർ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ച ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ബുമ്രക്ക് ഇപ്പോൾ വിശ്രമത്തിന്‍റെ ആവശ്യമില്ലെന്നും തുടർച്ചയായി മത്സരങ്ങൾ കളിക്കാതെ എങ്ങനെയാണ് വർക്ക് ലോഡ് മാനേജ്‌മെന്‍റ് എന്ന പേരിൽ ഒരാളെ മാറ്റിനിർത്തുന്നതെന്നും കൈഫ് ചോദിച്ചു.
ബുമ്ര സമീപകാലത്തായി കാര്യമായ മത്സരങ്ങളൊന്നും കളിച്ചിട്ടില്ലെന്ന് കൈഫ് ചൂണ്ടിക്കാട്ടി. എന്തിനാണ് ബുമ്രക്ക് വിശ്രമം അനുവദിക്കുന്നത്. എന്ത് ജോലി ഭാരത്തിന്‍റെ കാര്യമാണ് നിങ്ങൾ പറയുന്നത്? അദ്ദേഹം ഒരുപാട് മത്സരങ്ങൾ കളിച്ചിട്ട് വരികയാണോ? ആവശ്യത്തിന് വിശ്രമം എടുത്ത ശേഷമാണ് അദ്ദേഹം വരുന്നത്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തിൽ എനിക്ക് ഒരു യുക്തിയും തോന്നുന്നില്ല- കൈഫ് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ അർഷ്ദീപ് സിംഗിന് വിശ്രമം നൽകി ഹർഷിത് റാണയെ ഉൾപ്പെടുത്താമായിരുന്നുവെന്നും ബുമ്രയെ മാറ്റിയ തീരുമാനം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടാം നമ്പറിൽ ബാറ്റിംഗ് കരുത്ത് കൂട്ടാനാണ് ഹർഷിത് റാണയെ ഉൾപ്പെടുത്തിയതെങ്കിൽ അത് അംഗീകരിക്കാനാവില്ലെന്നും കൈഫ് പറഞ്ഞു. ബാറ്റിംഗ് കരുത്ത് കൂട്ടാനായി ബുമ്രയെ മാറ്റിനിർത്താൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. ബുമ്രയ്ക്ക് വേണ്ടി ടീം കോമ്പിനേഷൻ മാറണം, അല്ലാതെ കോമ്പിനേഷന് വേണ്ടി ബുമ്രയെ മാറ്റരുതെന്നും കൈഫ് വ്യക്തമാക്കി.
മുഹമ്മദ് സിറാജിനെ ഉദാഹരണമായി കാട്ടിയാണ് കൈഫ് ബുമ്രയുടെ കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചത്. സിറാജ് അവസരം ലഭിക്കുമ്പോഴെല്ലാം ആഭ്യന്തര ക്രിക്കറ്റിൽ പോയി കളിക്കുന്നുണ്ട്. അദ്ദേഹം രഞ്ജി ട്രോഫിയും വിജയ് ഹസാരെയും കളിക്കുന്നു. എന്നാൽ ബുമ്ര അങ്ങനെയല്ല. അതുകൊണ്ട് തന്നെ ഒരു മത്സരം കളിച്ച് കഴിഞ്ഞാൽ ഉടൻ വിശ്രമം നൽകേണ്ട സാഹചര്യം അദ്ദേഹത്തിനില്ലെന്നും കൈഫ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലെ പരിക്കിന് ശേഷം ബുമ്രയുടെ ഫിറ്റ്‌നസിന്‍റെ കാര്യത്തിൽ ബിസിസിഐ കടുത്ത ജാഗ്രതയിലാണ്. എന്നാൽ പരമ്പരയിലെ നിർണായക മത്സരങ്ങളിൽ പോലും ഇന്ത്യയുടെ പേസ് കുന്തമുനയായ താരത്തെ മാറ്റിനിർത്തുന്നത് ടീമിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകരും മുൻ താരങ്ങളും. പരമ്പരയിൽ ഇന്ത്യ നിലവിൽ 2-0 ന് മുന്നിലാണ്. ഞായറാഴ്ച ഗുവാഹത്തിയിലാണ് മൂന്നാം ടി20.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!