നാറ്റ്‌വെസ്റ്റ് ഫൈനലില്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു, ഹര്‍ഭജന്റെ വാക്കുകള്‍ ധൈര്യം നല്‍കി; വെളിപ്പെടുത്തി കൈഫ്

By Web TeamFirst Published Jul 20, 2020, 1:20 PM IST
Highlights

യുവരാജ് പുറത്തായിട്ടും തനിക്ക് വിജയത്തിലേക്ക് നയിക്കാനുള്ള ധൈര്യം നല്‍കിയത് ഹര്‍ഭനാണെണ് വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് കൈഫ്.

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് നാറ്റ്‌വെസ്റ്റ് ട്രോഫിയിലെ വിജയം. ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. 326 റണ്‍സെന്ന വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി തോല്‍വി മുന്നില്‍കണ്ടു. എന്നാല്‍ മുഹമ്മദ് കൈഫ്- യുവരാജ് സിംഗ് കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയിക്കാന്‍ 60 റണ്‍സ് വേണമെന്നിരിക്കെ യുവരാജ് പുറത്തായിരുന്നു. കൈഫ് സെഞ്ചുറിയുമായി പുറത്താവാതെ നിന്നു. യുവരാജ് പുറത്തായിട്ടും തനിക്ക് വിജയത്തിലേക്ക് നയിക്കാനുള്ള ധൈര്യം നല്‍കിയത് ഹര്‍ഭനാണെണ് വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് കൈഫ്.

കൈഫിന്റെ വാക്കുകളിങ്ങനെ... ''യുവി പുറത്തായത് എന്നില്‍ നടുക്കമുണ്ടാക്കി. ടീമിന്റെ അവസാനത്ത ഔദ്യോഗിക ബാറ്റ്‌സ്മാനായിരുന്നു അവന്‍. വാലറ്റകാര്‍ക്കൊപ്പം മത്സരം ജയിപ്പിക്കേണ്ട ചുമതലയായി എനിക്ക്. അവരുമായി അധികം ക്രീസില്‍ ചെലവഴിച്ചുള്ള പരിചയമില്ലെനിക്ക്. ആ ഭയം എന്നിലുണ്ടായിരുന്നു. യുവിക്ക് ശേഷം ഹര്‍ഭജനാണ് ക്രീസിലെത്തിയത്. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനാണ് ഹര്‍ഭജന്‍ പറഞ്ഞത്. പോള്‍ കോളിംഗ്‌വുഡിന്റെ ഓവറിലെ ഒരു പന്ത് എഡ്ജായപ്പോള്‍ ഞങ്ങള്‍ രണ്ട് റണ്‍ ഓടിയെടുത്തു.

ഒരു പന്തില്‍ ഒരു റണ്‍സെന്ന അനുപാതത്തിലാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. നീയെന്താണ് ചെയ്യുന്നതെന്ന് ഹര്‍ഭജന്‍ ചോദിച്ചു. സ്‌കോര്‍ ബോര്‍ഡ് നോക്കാനും അദ്ദേഹം നിര്‍ദേശിച്ചു. അദ്ദേഹം പറയുന്നത് ശരിയാണെു തോന്നി. ഇതോടെ ശ്രദ്ധയോടെ കളിക്കാനും തീരുമാനിച്ചു. ജയിക്കാന്‍ കഴിയുമോയെന്ന സംശയമുണ്ടായിരുന്നു. ഹര്‍ഭജനെയും അനില്‍ കുംബ്ലെയെയും ആന്‍ഡ്രു ഫ്ളിന്റോഫ് പുറത്താക്കിയതോടെ വീണ്ടും സമ്മര്‍ദ്ദത്തിലായി. 48ാം ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണമെന്നിരിക്കെ താന്‍ ബൗണ്ടറി കണ്ടെത്തി. അപ്പോഴും ഇന്ത്യ ജയിക്കുമോയെന്ന സംശയം ബാക്കിയായിരുന്നു.'' കൈഫ് പറഞ്ഞുനിര്‍ത്തി.

click me!