
ദുബായ്: സെപ്റ്റംബറിലെ ഐസിസി താരമായി പാക് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരെ പിന്തള്ളിയാണ് റിസ്‌വാന്‍ സെപ്റ്റംബറിലെ ഐസിസി താരമായത്. ടി20 ലോകകപ്പിന് മുന്നോടിയായി ടീമുകളെല്ലാം ടി20 പരമ്പരകള്‍ കളിക്കുന്നതിനാല്‍ ടി20 ക്രിക്കറ്റിലെ പ്രകടനങ്ങളാണ് ഇത്തവണ സെപ്റ്റംബറിലെ താരത്തെ തെരഞ്ഞെടുക്കാന്‍ ഐസിസി പരിഗണിച്ചത്.
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി നടന്ന ഏഷ്യാ കപ്പില്‍ 281 റണ്‍സുമായി ടോപ് സ്കോററായ മുഹമ്മദ് റിസ്‌വാന്‍ ഇതിനുശേഷം നടന്ന ഇംഗ്ലണ്ടിനെതിരായ ഏഴ് മത്സര ടി20 പരമ്പരയിലും 316 റണ്‍സുമായി ടോപ് സ്കോററായിരുന്നു. കഴിഞ്ഞ പത്തു മത്സരങ്ങളില്‍ ഏഴ് അര്‍ധസെഞ്ചുറിയാണ് റിസ്‌വാന്‍ അടിച്ചെടുത്തത്.
ഏഷ്യാ കപ്പില്‍ ഇന്ത്യക്കും ഹോങ്കോങിനുമെതിരെ 70 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത് തുടങ്ങിയ റിസ്‌വാന്‍ ഫൈനലിലും അര്‍ധസെഞ്ചുറി നേടി. സെപ്റ്റംബറില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ അഞ്ച് കളികളില്‍ നാലിലും റിസ്‌വാന്‍ അര്‍ധസെഞ്ചുറി തികച്ചു.
ഐസിസിയുടെ സെപ്റ്റംബറിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സര്‍വശക്തനായ അള്ളായോട് നന്ദി പറയുന്നുവെന്ന് റിസ‌്‌വാന്‍ പ്രതികരിച്ചു. ഈ നേട്ടത്തിന് തന്നെ സഹായിച്ച എല്ലാ ടീം അംഗങ്ങള്‍ക്കും നന്ദിപറയുന്നതിനൊപ്പം ഇത്തരം നേട്ടങ്ങള്‍ കളിക്കാരനെന്ന നിലയില്‍ തന്‍റെ ആത്മവിശ്വാസം കൂട്ടുമെന്നും ഐസിസി ടി20 റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരന്‍ കൂടിയായ റിസ്‌വാന്‍ പറഞ്ഞു. തനിക്ക് ലഭിച്ച ഐസിസി പുരസ്കാരം പ്രളയം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പാക് ജനതക്ക് സമര്‍പ്പിക്കുന്നുവെന്നും റിസ്‌വാന്‍ പറഞ്ഞു.
ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇല്ലാതിരുന്ന അക്സര്‍ അതിനുശേഷം നടന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ പരമ്പരകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബറിലെ താരമാവാനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. ന്യൂസിലന്‍ഡിനും ഇന്ത്യക്കുമെതിരായ പ്രകടനങ്ങളാണ് ഗ്രീനിന് ചുരുക്കപ്പട്ടികയില്‍ ഇടം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!