കോലിയോ ബാബറോ?; നമ്പര്‍ വണ്‍ ബാറ്റ്സ്മാനെ തെരഞ്ഞെടുത്ത് മുഹമ്മദ് യൂസഫ്

By Web TeamFirst Published May 14, 2021, 3:10 PM IST
Highlights

രാജ്യാന്തര ക്രിക്കറ്റില്‍ 70 സെഞ്ചുറികളുണ്ട് കോലിയുടെ പേരില്‍. ഏകദിനത്തില്‍ 12000ത്തോളം റണ്‍സും. ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികക്കാനിരിക്കുന്നു. ടി20യിലും മികവു കാട്ടുന്നു. കോലിയുടെ ബാറ്റിംഗ് സ്ഥിതിവിവര കണക്കുകള്‍ നോക്കിയാല്‍ ശരിക്കും അതുല്യമാണത്

കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും പാക് നായകന്‍ ബാബര്‍ അസമിനെയും താരതമ്യം ചെയ്യുന്നതിന് പ്രസക്തിയില്ലെങ്കിലും ആരാധകര്‍ക്കിടയില്‍ ഇക്കാര്യം എല്ലായ്പ്പോഴും ചര്‍ച്ചാ വിഷയമാണ്. ഇരുവരുടെയും ഓരോ മികച്ച പ്രകടനങ്ങള്‍ക്കുശേഷവും നമ്പര്‍ വണ്‍ ആരെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെതുകയും ചെയ്യും. ഐസിസി ഏകദിന റാങ്കിംഗില്‍ അടുത്തിടെ കോലിയെ പിന്നിലാക്കി ബാബര്‍ അസം ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെ ആരാധകര്‍ക്കിടയില്‍ ഈ ചര്‍ച്ച വീണ്ടും സജീവമാകുകയും ചെയ്തു.

എന്നാല്‍ റാങ്കിംഗില്‍ ബാബര്‍ ആണ് നമ്പര്‍ വണ്‍ എങ്കിലും യഥാര്‍ത്ഥ നമ്പര്‍ വണ്‍ വിരാട് കോലി തന്നെയാണെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് താരം മുഹമ്മദ് യൂസഫ്. കോലി പരിശീലനം നടത്തുന്നത് ഞാന്‍ നേരില്‍ക്കണ്ടിട്ടില്ല. പക്ഷെ സമൂഹമാധ്യമങ്ങളില്‍ അവിടെയും ഇവിടെയുമെല്ലാം അദ്ദേഹത്തിന്‍റെ പരിശീലന വീഡിയോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

ഈ കാലഘട്ടത്തില്‍ എന്താണ് ക്രിക്കറ്റെന്ന് ചോദിച്ചാല്‍ പരിശീലനമാണെന്ന് ഞാന്‍ പറയും. ഇന്നത്തെ കളിക്കാര്‍ ശാരീരികക്ഷമതയുള്ളവരും വേഗതയുള്ളവരുമാണ്, കോലിയെപ്പോലെ. അതുതന്നെയാണ് കോലിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും തന്‍റെ യുട്യൂബ് ചാനലില്‍ യൂസഫ് പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ 70 സെഞ്ചുറികളുണ്ട് കോലിയുടെ പേരില്‍. ഏകദിനത്തില്‍ 12000ത്തോളം റണ്‍സും. ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികക്കാനിരിക്കുന്നു. ടി20യിലും മികവു കാട്ടുന്നു. കോലിയുടെ ബാറ്റിംഗ് സ്ഥിതിവിവര കണക്കുകള്‍ നോക്കിയാല്‍ ശരിക്കും അതുല്യമാണത്. കഴിഞ്ഞ മൂന്ന് കാലഘട്ടത്തിലെ കളിക്കാരെ പരിഗണിച്ചാലും കോലിയുടെ പ്രകടനം ഉയര്‍ന്ന നിലവാരമുള്ളതാണ്.

ഇന്നത്തെ തലമുറയെ നോക്കിയാല്‍ അയാള്‍ തന്നെയാണ് നമ്പര്‍ വണ്‍ ബാറ്റ്സ്മാന്‍. വിവിധ കാലഘട്ടത്തിലെ കളിക്കാരെ താരതമ്യം ചെയ്യുന്നത് ശരിയല്ലെങ്കിലും കോലിയുടെ പ്രകടനം അവിശ്വസനീയമാണെന്നും യൂസഫ് പറഞ്ഞു.

മികച്ച പ്രതിഭയുള്ള ബാബര്‍ അസം കഠിനമായ പരിശീലനത്തിലൂടെയാണ് നേട്ടമുണ്ടാക്കിയതെന്നും യൂസഫ് പറഞ്ഞു. എല്ലാ യുവതാരങ്ങളോടും എനിക്ക് ഇതുതന്നെയാണ് പറയാനുള്ളത്. കഠിനമായി പരിശീലിക്കുംതോറും മത്സരങ്ങളില്‍ നിങ്ങള്‍ക്ക് അനായാസം ബാറ്റ് ചെയ്യാനാവും. ബാബര്‍ ഇന്ന് ഏകദിന റാങ്കിംഗില്‍ ഒന്നാമതും ടി20യില്‍ മൂന്നാമതും ടെസ്റ്റില്‍ ആറാമതുമാണ്. മൂന്ന് ഫോര്‍മാറ്റിലും ആദ്യ പത്തിനുള്ളില്‍ ഉണ്ടെന്നത് ബാബറിന്‍റെ വലിയ നേട്ടമാണെന്നും യൂസഫ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!