സെഞ്ച്വറിത്തിളക്കത്തില്‍ അസറുദ്ദീന്‍; കെസിഎല്ലില്‍ ആയിരം തികയ്ക്കുന്ന ആദ്യ താരം

Published : Aug 28, 2026, 07:12 PM IST
Mohammed Azharuddeen

Synopsis

കേരള ക്രിക്കറ്റ് ലീഗില്‍ മുഹമ്മദ് അസറുദ്ദീന്‍ തകർപ്പൻ സെഞ്ച്വറി നേടി. ഈ ഇന്നിങ്‌സോടെ കെസിഎല്ലില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും അസര്‍ സ്വന്തമാക്കി.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ റെക്കോര്‍ഡുകള്‍ കടപുഴക്കി മുഹമ്മദ് അസറുദ്ദീന്റെ തേരോട്ടം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഉയര്‍ത്തിയ 213 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ആലപ്പി റിപ്പിള്‍സിന് കരുത്തായത് ഉപനായകന്‍ അസറുദ്ദീന്റെ അത്യുഗ്രന്‍ സെഞ്ച്വറിയാണ്. ഈ മാസ്മരിക ഇന്നിങ്‌സോടെ കെസിഎല്ലിന്റെ ചരിത്രത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന സുവര്‍ണ്ണ നേട്ടവും അസര്‍ സ്വന്തമാക്കി. ബാറ്റിങ് വിസ്മയം തീര്‍ത്ത അസറിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ സീസണിലെ നാലാം ജയം കുറിച്ച ആലപ്പി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും കുതിച്ചെത്തി.

തങ്ങളുടെ ആറാം മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ആകാശിനെ നഷ്ടമായെങ്കിലും യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് അസര്‍ ബാറ്റുവീശിയത്. അഖിന്‍ സത്താര്‍ എറിഞ്ഞ നേരിട്ട രണ്ടാമത്തെ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ താരം ആ ഓവറില്‍ രണ്ട് ഫോറുകള്‍ നേടി നയം വ്യക്തമാക്കി. പിന്നീട് ഗ്രീന്‍ഫീല്‍ഡില്‍ കണ്ടത് അസറുദ്ദീന്റെ അഴിഞ്ഞാട്ടമായിരുന്നു. വെറും 56 പന്തില്‍ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 60 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നു. പത്ത് കൂറ്റന്‍ സിക്‌സറുകളും അഞ്ച് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ആ വെടിക്കെട്ട് ഇന്നിങ്‌സ്. അവസാന അഞ്ച് ഓവറില്‍ മാത്രം 68 റണ്‍സാണ് അസറിന്റെ ചിറകിലേറി ആലപ്പി അടിച്ചുകൂട്ടിയത്. അവസാന ഓവറിലെ മൂന്നാം പന്തില്‍ പടുകൂറ്റന്‍ സിക്‌സര്‍ പറത്തി അസര്‍ തന്നെ ആലപ്പിയുടെ വിജയമുറപ്പിക്കുകയും ചെയ്തു.

സീസണിലെ ആദ്യ മത്സരം മുതല്‍ അതിശയിപ്പിക്കുന്ന ഫോമിലാണ് ഈ ആലപ്പി ഉപനായകന്‍. പവര്‍പ്ലേ ഓവറുകളില്‍ ബൗളര്‍മാര്‍ക്ക് മേല്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുന്ന അസറിന്റെ ഭയമില്ലാത്ത ബാറ്റിംഗാണ് എല്ലാ മത്സരങ്ങളിലും ടീമിന് കരുത്തുറ്റ അടിത്തറ നല്‍കുന്നത്. ആറ് മത്സരങ്ങളില്‍ നിന്നായി മൂന്ന് അര്‍ദ്ധസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടെ 419 റണ്‍സാണ് താരം ഇതിനോടകം അടിച്ചുകൂട്ടിയത്. വെറും 208 പന്തുകളില്‍ നിന്നാണ് അസര്‍ ഇത്രയും റണ്‍സ് നേടിയത് എന്നതും ശ്രദ്ധേയമാണ്. 34 സിക്‌സറുകളും 25 ഫോറുകളുമാണ് ഇതുവരെ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. നേരത്തെ കൊല്ലത്തിനെതിരെയാണ് താരം തന്റെ ആദ്യ സെഞ്ച്വറി നേടിയത്.

സ്ഥിരതയോടെ ബാറ്റുവീശുന്ന അസറിന്റെ ഈ മിന്നും ഫോമിന്റെ കരുത്തിലാണ് ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി ആലപ്പി റിപ്പിള്‍സ് ഒന്നാം സ്ഥാനത്ത് തലയെടുപ്പോടെ നില്‍ക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയില്‍ നാളെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ബാറ്റ് വീശും
വരുണ്‍ തുടങ്ങി, അഖില്‍ തീര്‍ത്തു; സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്