'ഞാന്‍ വിരമിച്ചാല്‍ അവരുടെ ജീവിതം മെച്ചപ്പെടുമോ'? വാര്‍ത്തകളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഷമി

Published : Aug 28, 2025, 04:35 PM IST
Mohammed Shami

Synopsis

വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. 2027 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം.

ബെംഗളൂരു: തന്റെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. 2023 ലോകകപ്പ് ഫൈനലിലേറ്റ പരിക്കിന് ശേഷം പലപ്പോഴും സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താന്‍ ഷമിക്ക് കഴിഞ്ഞിരുന്നില്ല. ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ താരം നന്നായി ബുദ്ധിമുട്ടി. ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. ദീര്‍ഘനേരം പന്തെറിയാനുള്ള ഫിറ്റ്‌നെസ് ഇല്ലാത്തതിനെ തുടര്‍ന്ന് ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നില്ല. 2023ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം 34 കാരനായ ഷമി ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല.

തനിക്കെതിരായ വിമര്‍ശനങ്ങളെ ഷമി തള്ളികളഞ്ഞു. വിമര്‍ശകരോട് കടുത്ത ഭാഷയിലാണ് ഷമി സംസാരിച്ചത്. ''ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നോട് പറയൂ. ഞാന്‍ വിരമിച്ചാല്‍ അവരുടെ ജീവിതം എങ്ങനെയെങ്കിലും മെച്ചപ്പെടുമോ? എന്നെ ടീമിലേക്ക് തിരഞ്ഞെടുക്കുന്നില്ലെങ്കിലും, ഞാന്‍ കഠിനാധ്വാനം ചെയ്യും. എന്നെ അന്താരാഷ്ട്ര തലത്തില്‍ തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ ഞാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കും. എവിടേയുമില്ലെങ്കില്‍ ഞാന്‍ കളിച്ചുകൊണ്ടിരിക്കും. വിരമിക്കല്‍ സംബന്ധിച്ച വാര്‍ത്തകള്‍, ചിലര്‍ക്ക് വിരസത അനുഭവിക്കുമ്പോള്‍ തയ്യാറാക്കി ഇറക്കുന്നതാണ്. ഞാന്‍ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിട്ടില്ല.'' ഷമി പറഞ്ഞു.

കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് 2024 മാര്‍ച്ചില്‍ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വര്‍ഷത്തില്‍ ഭൂരിഭാഗവും അദ്ദേഹത്തിന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം അവസാനം ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി ഷമി. എങ്കിലും ദീര്‍ഘനേരം പന്തെറിയാനുള്ള കഴിവിനെക്കുറിച്ച് സെലക്ടര്‍മാര്‍ക്ക് ഉറപ്പില്ലാത്തതിനാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടില്ല. എന്നിരുന്നാലും, ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോള്‍ പരമ്പരയിലൂടെ ഷമി അന്താരാഷ്ട്ര തിരിച്ചുവരവ് നടത്തി.

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഉള്‍പ്പെടും. ജസ്പ്രിത് ബുമ്രയുടെ അഭാവത്തില്‍ അദ്ദേഹം പേസ് ആക്രമണം നയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് അവസരങ്ങള്‍ ലഭിക്കാത്തതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഷമി.

''ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സെലക്ടര്‍മാര്‍ എന്നോട് സംസാരിക്കണോ വേണ്ടയോ എന്ന് പരാതി പറഞ്ഞിട്ടുമില്ല. എനിക്ക് അതിന് താല്‍പര്യമില്ല. ടീം മാനേജ്‌മെന്റിന്റെ പദ്ധതികളില്‍ ഞാന്‍ യോജിക്കുന്നുണ്ടെങ്കില്‍ തിരഞ്ഞെടുക്കുക. ഞാന്‍ യോജിക്കുന്നില്ലെങ്കില്‍ വേണ്ട. എനിക്ക് എതിര്‍പ്പില്ല. എനിക്ക് ഒരു അവസരം ലഭിച്ചാല്‍ ഞാന്‍ എന്റെ പരമാവധി ഞാന്‍ ചെയ്യും.'' ഷമി പറഞ്ഞു.

2027 ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ഷമി. ''ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കും. എനിക്ക് ഒരു സ്വപ്നം മാത്രമേ അവശേഷിക്കുന്നുള്ളൂ, ഏകദിന ലോകകപ്പ് നേടുക. ടീമിന്റെ ഭാഗമാകാനും ലോകകപ്പ് നേടാന്‍ സഹായിക്കുന്ന രീതിയിലുള്ള പ്രകടനം നടത്താനും ഞാന്‍ ആഗ്രഹിക്കുന്നു.'' ഷമി കൂട്ടിചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും