അഗാര്‍ക്കറുമായി നടത്തിയ വാക് പോര് തിരിച്ചടിയായി, മുഹമ്മദ് ഷമിയെ വീണ്ടും തഴഞ്ഞു, സര്‍ഫറാസിനും അവഗണന

Published : Nov 05, 2025, 10:18 PM IST
Ajit Agarkar-Mohammed Shami

Synopsis

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ടീമിൽ നിന്ന് പേസർ മുഹമ്മദ് ഷമിയെ ഒഴിവാക്കിയത് ചീഫ് സെലക്ടർ അജിത് അഗാർക്കറുമായുള്ള തർക്കത്തെ തുടർന്നാണെന്ന് സൂചന.

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ടീമില്‍ തിരിച്ചെത്താതിരുന്നത് ആരാധകരെ ഞെട്ടിച്ചു. രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ഷമിക്ക് പക്ഷെ രഞ്ജിയിലെ മൂന്നാം മത്സരത്തില്‍ ത്രിപുരക്കെതിരെ വിക്കറ്റൊന്നു നേടാനായിരുന്നില്ല. എന്നാല്‍ ഇതായിരുന്നില്ല ഷമിയെ തഴയാന്‍ കാരണമായതെന്നാണ് കരുതുന്നത്. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ പേരില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി നടത്തിയ പരസ്യ വാക്പോരാണ് ഷമിക്ക് ടീമിലെത്താന്‍ തടസമായതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ദീര്‍ഘ സ്പെല്ലുകള്‍ എറിയാനുള്ള കായികക്ഷമത ഇല്ലെന്ന് അഗാര്‍ക്കര്‍ പറഞ്ഞ ഷമി മൂന്ന് രഞ്ജി മത്സരങ്ങളിലായി 93 ഓവറുകള്‍ പന്തെറിഞ്ഞിരുന്നു.

അവസാനം ത്രിപുരക്കെതിരായ മത്സരത്തില്‍ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും ഷമി 25 ഓവറുകള്‍ പന്തെറിഞ്ഞിരുന്നു. തനിക്ക് ഫിറ്റ്നെസ് പ്രശ്നങ്ങളൊന്നുമില്ലെന്നും എന്നാല്‍ താന്‍ ഫിറ്റാണെന്ന കാര്യം ആരെയും ബോധിപ്പിക്കാന്‍ ശ്രമിക്കില്ലെന്നും ഷമി നേരത്തെ പറഞ്ഞിരുന്നു. അഗാര്‍ക്കറുമായി പരസ്യമായ വാക് പോരില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ടീം സെലക്ടറായ ആര്‍പി സിംഗ് ഷമിയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന സൂചനകളുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് ഷമിയെ ഒഴിവാക്കിയപ്പോള്‍ ബംഗാള്‍ ടീമില്‍ ഷമിയുടെ സഹതാരമായ ആകാശ് ദീപിനെ സെലക്ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. ആകാശ് ദീപ് ഇംഗ്ലണ്ടില്‍ ഇന്ത്യക്കായി കളിച്ച താരമാണെങ്കില്‍ ഇത്തവണ രഞ്ജി സീസണില്‍ മികവ് കാട്ടിയിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളില്‍ നാലു വിക്കറ്റ് മാത്രമാണ് ആകാശ് ദീപിന്‍റെ സമ്പാദ്യം.

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലുണ്ടായിട്ടും ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാതിരുന്ന സര്‍ഫറാസ് ഖാനെ ഇത്തവണയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല, പരിക്കിനെ തുടര്‍ന്ന് ഇടവേളയെടുത്ത സര്‍ഫറാസ് ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി കളിച്ചെങ്കിലും സെലക്ടര്‍മാര്‍ സര്‍ഫറാസിനെ വീണ്ടും തഴഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടിയിട്ടും രജത് പാട്ടീദാറിനെയും സെലക്ടര്‍മാര്‍ കണ്ടില്ലെന്ന് നടിച്ചപ്പോള്‍ ഇംഗ്ലണ്ടില്‍ കളിച്ച കരുണ്‍ നായര്‍ക്ക് വീണ്ടും രഞ്ജിയില്‍ മിന്നും ഫോമിലായിട്ടും ഹോം സീരീസില്‍ ഒരവസരം കൂടി നല്‍കാനും സെലക്ടര്‍മാര്‍ തയാറായില്ല. പകരം സായ് സുദര്‍ശനെയും ദേവ്ദത്ത് പടിക്കലിനെയും ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ