മുഹമ്മദ് ഷമിയെക്കാള്‍ മികച്ച പേസര്‍മാര്‍ ഇന്ത്യക്കുണ്ടെന്ന് റിക്കി പോണ്ടിംഗ്

By Gopalakrishnan CFirst Published Aug 12, 2022, 9:14 PM IST
Highlights

ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് വരുന്ന ഇന്ത്യന്‍ ടീമിലും നാലു പേസര്‍മാര്‍ക്കെ ഇടം നല്‍കാനിടയുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്. ഓസ്ട്രേലിയയിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ കാര്യമായി തുണച്ചില്ലെങ്കിലും വിക്കറ്റെടുക്കാന്‍ ഇന്ത്യ സ്പിന്നര്‍മാരെ തന്നെയാവും ആശ്രയിക്കുകയെന്നും പോണ്ടിംഗ് പറഞ്ഞു.

മെല്‍ബണ്‍: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയിലും ക്രിക്കറ്റ് നരീക്ഷകര്‍ക്കിടയിലും പൊടിപൊടിക്കുന്നതിനിടെ ഷമിയെക്കാള്‍ മികച്ച പേസര്‍മാര്‍ ഇന്ത്യയിലുണ്ടെന്ന് വ്യക്തമാക്കി ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഏഷ്യാ കപ്പില്‍ നിന്ന് ഷമിയെ ഒഴിവാക്കിയത് പ്രതീക്ഷിച്ച തീരുമാനമാണെന്നും ടി20യെക്കാള്‍ ടെസ്റ്റിലാണ് ഷമി കൂടുതല്‍ ഫലപ്രദമെന്നും പോണ്ടിംഗ് പറഞ്ഞു.

മുഹമ്മദ് ഷമിയെക്കാള്‍ മികച്ച ടി20 ബൗളര്‍മാര്‍ ഇന്ന് ഇന്ത്യക്കുണ്ട്. യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ പേസര്‍മാരെക്കാള്‍ കൂടുതല്‍ സ്പിന്നര്‍മാരെയാവും ഇന്ത്യ ആശ്രയിക്കുക. ലോകകപ്പിലും ഇതേ സമീപനമായിരിക്കും ഇന്ത്യയുടേത്. ദീര്‍ഘകാലമായി ഷമി ഇന്ത്യയുടെ മികച്ച പേസ് ബൗളര്‍മാരിലൊരാളാണ്. പക്ഷെ, അദ്ദേഹം ഏറ്റവുമധികം മികവ് പുറത്തെടുത്തിട്ടുള്ളത് ടെസ്റ്റ് ക്രിക്കറ്റിലാണ്. ടി20യില്‍ ഷമിയെക്കാള്‍ മികച്ച പേസര്‍മാര്‍ ഇന്ത്യക്കുണ്ട്. അവരില്‍ മൂന്ന് പേരെ മാത്രമെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. നാലു പേരെ ഉള്‍പ്പെടുത്തിയിരുന്നങ്കില്‍ ഒരുപക്ഷെ ഷമിയും ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം നേടുമായിരുന്നുവെന്നും ഐസിസി പ്രതിമാസ വിശകലനത്തില്‍ പോണ്ടിംഗ് പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ത്യയെ 3-0ന് തോല്‍പിക്കുമോ? മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി ബാബര്‍ അസം

ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് വരുന്ന ഇന്ത്യന്‍ ടീമിലും നാലു പേസര്‍മാര്‍ക്കെ ഇടം നല്‍കാനിടയുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്. ഓസ്ട്രേലിയയിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ കാര്യമായി തുണച്ചില്ലെങ്കിലും വിക്കറ്റെടുക്കാന്‍ ഇന്ത്യ സ്പിന്നര്‍മാരെ തന്നെയാവും ആശ്രയിക്കുകയെന്നും പോണ്ടിംഗ് പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് പേസര്‍മാരെ മാത്രമാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. ഭുവനേശ്വര്‍ കുമാറും അര്‍ഷദീപ് സിംഗും, ആവേശ് ഖാനും മാത്രമാണ് പേസര്‍മാരായി ടീമിലുള്ളത്. അതേസമയം, സ്പിന്നര്‍മാരായി നാലു പേര്‍ ടീമിലുണ്ട്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, രവി ബിഷ്ണോയ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ഏഷ്യാ കപ്പ് ടീമിലെ സ്പിന്നര്‍മാര്‍.

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഗുരുതരം; ലോകകപ്പ് നഷ്ടമായേക്കും

ഏഷ്യാ കപ്പിന് മുന്നോടിയായി നടക്കുന്ന സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് പേസര്‍മാരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 18നാണ് സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തുടങ്ങുക. ഇതിനുശേഷം ഈ മാസം 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

click me!