'അവരോട് പോവാന്‍ പറ! അടുത്ത മത്സരത്തില്‍ ശ്രദ്ധിക്കൂ'; അര്‍ഷ്ദീപിന് സോഷ്യല്‍ മീഡിയയിലും പിന്തുണ അറിയിച്ച് ഷമി

By Web TeamFirst Published Sep 5, 2022, 11:59 PM IST
Highlights

വിരാട് കോലി, മുന്‍ ഇന്ത്യന്‍ ഹര്‍ഭജന്‍ സിംഗ് എന്നിവരെല്ലാം അര്‍ഷ്ദീപിന് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോള്‍ മുഹമ്മദ് ഷമിയും താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നു.

ദില്ലി: കടുത്ത സൈബര്‍ ആക്രമണമാണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് കഴിഞ്ഞ ദിവസം നേരിട്ടത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തോല്‍വിയുടെ കാരണക്കാരനായി പലരും കാണുന്നത് അര്‍ഷ്ദീപിനെയാണ്. പാകിസ്ഥാന്‍ താരം ആസിഫ് അലി നല്‍കിയ അനായാസ ക്യാച്ച് അര്‍ഷ്ദീപ് സിംഗ് വിട്ടുകളഞ്ഞിരുന്നു. വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴാണ് രവി ബിഷ്‌ണോയിയുടെ പന്തില്‍ അര്‍ഷ്ദീപ് ക്യാച്ച് കളയുന്നത്. പിന്നീട് പാകിസ്ഥാനെ വിജയിപ്പിക്കുന്നതില്‍ ആസിഫ് നിര്‍ണായക പങ്കുവഹിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ആസിഫ്- ഖുഷ്ദില്‍ ഷാ സഖ്യം 19 റണ്‍സാണ് അടിച്ചെടുത്തത്.

പിന്നാലെ അര്‍ഷ്ദീപിനെതിരെ സൈബര്‍ ആക്രമണമുണ്ടായി. ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദമൊന്നും വിമര്‍ശകര്‍ മനസിലാക്കിയില്ല. താരത്തിന്റെ ചെറിയ പരിചയസമ്പത്ത് പോലും ആരും കണക്കിലെടുത്തില്ല. എന്നാല്‍ വിരാട് കോലി, മുന്‍ ഇന്ത്യന്‍ ഹര്‍ഭജന്‍ സിംഗ് എന്നിവരെല്ലാം അര്‍ഷ്ദീപിന് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോള്‍ മുഹമ്മദ് ഷമിയും താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയും ഷമി അര്‍ഷ്ദീപിന് പിന്തുണ അറിയിച്ചു. 2021 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പരിഹാസം നേരിട്ട് താരമായിരുന്നു ഷമി. 

എന്നാലും ഇങ്ങനെയുണ്ടൊരു ടീം! പ്ലയിംഗ് ഇലവനില്‍ മാറ്റം വരുത്തിനോട് യോജിക്കാനാവില്ല; വിശദമാക്കി ഗവാസ്‌കര്‍

ഷമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടതിങ്ങനെ.. ''കരുത്തോടെ ഗ്രൗണ്ടിലേക്ക് തിരിച്ചെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അടുത്ത മത്സരത്തില്‍ ശ്രദ്ധിക്കൂ, രാജ്യത്തെ അഭിമാനത്തിന്റെ ഉന്നതിയിലെത്തിക്കൂ.'' ഷമി കുറിച്ചിട്ടു. പോസ്റ്റ് വായിക്കാം.

നേരത്തെ, ദേശീയ മാധ്യമത്തോട് സംസാരിച്ചപ്പോഴും ഷമി പിന്തുണ അറിയിച്ചിരുന്നു. അര്‍ഷ്ദീപിന്റെ അവസ്ഥ തനിക്ക് മനസിലാവുമെന്നാണ് ഷമി പറയുന്നത്. ''വിമര്‍ശകരായ ആളുകള്‍ ജീവിക്കുന്നത് തന്നെ നമ്മളെ പരിഹസിക്കാന്‍ വേണ്ടിയാണ്. അവര്‍ക്ക് മറ്റു ജോലിയൊന്നുമില്ല. താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ അവരാരും പറയില്ല, നന്നായി കളിച്ചുവെന്ന്. അര്‍ഷ്ദീപ് അനുഭവിച്ച പ്രയാസം, കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം ഞാനും അനുഭവിച്ചു. എന്നാല്‍ രാജ്യം മുഴുവന്‍ എനിക്കൊപ്പം നിന്നു. എനിക്ക് അര്‍ഷ്ദീപിന് ഒന്നും മാത്രമെ പറയാനുള്ളു. കഴിവുള്ള താരമാണ് നിങ്ങള്‍, ഇതിലൊന്നും തളരരുത്. '' ഷമി പറഞ്ഞു.

അനായാസമല്ല, ശ്രീശാന്തെടുത്ത ക്യാച്ചിന്റെ വില ഇന്നറിയുന്നു! ചര്‍ച്ചയായി 2007 ടി20 ലോകകപ്പ് ഫൈനലിലെ ക്യാച്ച്

2021 ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പരാജയപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പഴിക്കേട്ടത് ഷമിയായിരുന്നു. ഷമിയോട് പാകിസ്ഥാനിലേക്ക് പോവാനൊക്കെ അന്ന് ഇന്ത്യന്‍ ആരാധകര്‍ തന്നെ പറഞ്ഞിരുന്നു. ഷമിയാണ് തോല്‍പ്പിച്ചതെന്നായിരുന്നു പ്രധാന വാദം. അന്ന് പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

click me!