എന്നാലും ഇങ്ങനെയുണ്ടൊരു ടീം! പ്ലയിംഗ് ഇലവനില്‍ മാറ്റം വരുത്തിനോട് യോജിക്കാനാവില്ല; വിശദമാക്കി ഗവാസ്‌കര്‍

By Web TeamFirst Published Sep 5, 2022, 11:43 PM IST
Highlights

സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ പ്ലയിംഗ് ഇലവനെതിരെ കടുത്ത വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍. ഇടയ്ക്കിടെ മാറ്റം വരുത്തുന്ന രീതിയാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്. സൂപ്പര്‍ ഫോറില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മൂന്ന് മാറ്റവുമായിട്ടായിരുന്നു ഇന്ത്യ ഇറങ്ങിയിരുന്നത്. പരിക്കേറ്റ് രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും പുറത്തുപോയി. രവി ബിഷ്‌ണോയ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലെത്തിയത്. 

ഇപ്പോള്‍ കാര്‍ത്തികിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ ഗവാസ്‌കര്‍. ''കാര്‍ത്തികിനെ പ്ലയിംഗ് ഇലവനില്‍ പുറത്താക്കിയത് എന്തിനെന്ന് മനസിലാവുന്നില്ല. അദ്ദേഹം ഫിനിഷറെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്നു. എന്നിട്ടും പാകിസ്ഥാനെ പോലെ പ്രധാന എതിരാളികള്‍ക്കെതിരെ അവന്‍ കളിച്ചില്ല. അമ്പരിക്കുന്ന തീരുമാനമായിരുന്നത്.'' ഗവാസ്‌കര്‍ വിശദീകരിച്ചു.

കോലിയുടെ ഫോമിനെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു. ''മനോഹരമായിട്ടാണ് കോലി കളിച്ചത്. എല്ലാ പന്തുകളും മിഡില്‍ ചെയ്യാന്‍ അവന് സാധിക്കുന്നുണ്ടായിരുന്നു. സ്വതസിദ്ധമായ ഫ്‌ളിക്ക്് ഷോട്ടുകളും അദ്ദേഹത്തിന്റെ ഇന്നിംഗ്‌സില്‍ കണ്ടു. ഇത്തരം ഇന്നിംഗ്‌സുകള്‍ കോലിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. അവന്റെ പ്രകടനം വരുന്ന മത്സരങ്ങളിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.'' ഗവാസ്‌കര്‍ വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ കോലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ വിജയശില്‍പി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മുഹമ്മദ് നവാസാണ് പ്ലയര്‍ ഓഫ് ദ മാച്ച്.
 

click me!