
കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തരാഖണ്ഡിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി പേസര്‍ മുഹമ്മദ് ഷമി. ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമി രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തി ഉത്തരാഖണ്ഡിനെതിരെ ബംഗാളിന് വിജയപ്രതീക്ഷ നല്‍കി. രണ്ടാം ഇന്നിംഗ്സില്‍ ഉത്തരാഖണ്ഡിനെ 265 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ബംഗാള്‍ വിജയലക്ഷ്യമായ 156 റണ്‍സിലേക്ക് ബാറ്റുവീശുകയാണിപ്പോൾ. 156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ബംഗാൾ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 96-1 എന്ന ശക്തമായ നിലയിലാണ്. ഓപ്പണര്‍ സുദീപ് ചാറ്റര്‍ജിയെ(16) തുടക്കത്തിലെ നഷ്ടമായെങ്കിലും 48 റണ്‍സുമായി ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും 26 റണ്‍സുമായി സുദിപ് കുമാര്‍ ഗരാമിയും ക്രീസില്‍.
ആദ്യ ഇന്നിംഗ്സില്‍ ബംഗാള്‍ 323 റണ്‍സെടുത്തപ്പോള്‍ ഉത്തരാഖണ്ഡ് 213 റണ്‍സിന് പുറത്തായിരുന്നു. 110 റണ്‍സ് ലീഡ് നേടിയ ബംഗാള്‍ രണ്ടാം ഇന്നിംഗ്സില്‍ ഉത്തരാഖണ്ഡിനെ 265 റണ്‍സിന് പുറത്താക്കിയപ്പോള്‍ നാലു വിക്കറ്റുമായാണ് ഷമി തിളങ്ങിയത്. 24.4 ഓവറില്‍ 7 മെയ്ഡിന്‍ അടക്കം വെറും 38 റണ്‍സ് മാത്രം വഴങ്ങിയാണ് ഷമി നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. 72 റണ്‍സുമായി ഉത്തരാഖണ്ഡിന്‍റെ ടോപ് സ്കോററായ ക്യാപ്റ്റൻ കുനാല്‍ ചന്ദേല, എസ് സുചിത്ത്, അഭയ് നേഗി, ജേന്‍മെജെ എന്നിവരുടെ വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 14.5 ഓവറില്‍ 37 റണ്‍സ് വഴങ്ങിയായിരുന്നു ഷമി മൂന്ന് വിക്കറ്റെടുത്തത്. ബംഗാളിന് വേണ്ടി ഷമിക്ക് പുറമെ ആകാശ് ദീപ്, ഇഷാന്‍ പോറല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഫിറ്റ്നെസില്ലായ്മയുടെ പേരില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുഹമ്മദ് ഷമി മത്സരത്തിലാകെ 39.3 ഓവറുകള്‍ എറിഞ്ഞുവെന്നതും ഏഴ് വിക്കറ്റ് വീഴ്ത്തിയെന്നതും ശ്രദ്ധേയമായി. ഫിറ്റ്നെസില്ലാത്തതിന്‍റെ പേരിലാണ് ഷമിയെ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരായ പരമ്പരകളില്‍ പരിഗണിക്കാതിരുന്നതെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇന്നലെയും വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!