ഇന്ത്യക്കെതിരായി പിച്ചൊരുക്കുമ്പോള്‍ പലതവണ ആലോചിക്കും; പേസ് യൂനിറ്റിനെ പ്രശംസിച്ച് ഷമി

By Web TeamFirst Published May 30, 2021, 8:47 PM IST
Highlights

ഇന്ന് എതിര്‍ടീം ഇന്ത്യക്കെതിരെ മത്സരങ്ങള്‍ക്കായി പിച്ചൊരുക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ തവണ ചിന്തിക്കും. അത്രത്തോളം അപകടകാരികളായി ടീം ഇന്ത്യുടെ പേസര്‍മാര്‍. 

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച പേസ് യൂണിറ്റ് ഏതെന്ന് ചോദിച്ചാല്‍ ഇന്ത്യയുടേതെന്ന് പറയാന്‍ ആര്‍ക്കും മടി കാണില്ല. എന്നാല്‍ ഒരു സമയത്ത് ഇന്ത്യയുടെ പേസ് യൂണിറ്റ് അത്രത്തോളം മികച്ചതല്ലായിരുന്നു. ഇന്ന് എതിര്‍ടീം ഇന്ത്യക്കെതിരെ മത്സരങ്ങള്‍ക്കായി പിച്ചൊരുക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ തവണ ചിന്തിക്കും. അത്രത്തോളം അപകടകാരികളായി ടീം ഇന്ത്യുടെ പേസര്‍മാര്‍.  

മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, നവ്ദീപ് സൈനി, ഷാര്‍ദുള്‍ താക്കൂര്‍ എന്നിങ്ങനെ നീളുന്നു പേസര്‍മാരുടെ നിര. ഇത്തരത്തില്‍ ശക്തമായ പേസ് വകുപ്പ് ഒരുക്കുന്നതില്‍ ഷമിക്ക് വലിയ പങ്കുണ്ട്. ഇംഗ്ലണ്ടിലേക്ക് പറക്കാനിരിക്കെ ഇന്ത്യന്‍ പേസര്‍മാര്‍ക്കുണ്ടായ പുരോഗതിയെ കുറിച്ച് സംസാരിക്കുകയാണ് ഷമി. ''സ്ഥിരതയോടെ 140-145 കി.മീ വേഗത്തില്‍ പന്തെറിയുന്ന നാലോ അഞ്ചോ ബൗളര്‍മാര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനുണ്ട്. ഒന്നോ രണ്ടോ പേസര്‍മാര്‍ ഏതൊരു ടീമിലും കാണും. എന്നാല്‍ നാലോ അഞ്ചോ പേസര്‍മാരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. മുമ്പ് ഇന്ത്യക്ക് ഇത്തരത്തിലുള്ള പേസര്‍മാരില്ലായിരുന്നു. 

നേരത്തെ, ഇന്ത്യക്കെതിരെ വേഗത്തില്‍ എതിര്‍ ടീമിന് പദ്ധതി ഒരുക്കാമായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ല. പരമ്പരയ്ക്ക് ആതിഥേതത്വം വഹിക്കുന്ന ടീമുകള്‍ ഇന്ത്യയുടെ പേസര്‍മാരെ കുറിച്ച് കൂടി ചിന്തിക്കേണ്ട സാഹചര്യം വന്നു. ഒരു സീനിയര്‍ ബൗളറെന്ന നിലയില്‍ യുവതാരങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. സീനിയര്‍- ജൂനിയര്‍ താരങ്ങള്‍ തമ്മിലുള്ള സഹകരണം വളരെ പ്രധാനാണ്. ഒരുദിവസം ഞങ്ങളെല്ലാം വിരമിക്കേണ്ടിവരും. അതിന് മുമ്പ് അവരെ പലരും പഠിപ്പിക്കേണ്ടതുണ്ട്.'' ഷമി പറഞ്ഞു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഷമി, ബുമ്ര, ഇശാന്ത് എന്നിവരായിരിക്കും ഇന്ത്യയുടെ പേസര്‍മാര്‍. നാല് പേസര്‍മാരെ ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരില്‍ ഒരാള്‍ ടീമിലെത്തിയേക്കും.

click me!