സെലക്ടര്‍മാര്‍ക്ക് ശക്തമായ മറുപടി മുഹമ്മദ് ഷമി; ബംഗാള്‍ ടി20 ലീഗില്‍ ഹാട്രിക്

Published : Jun 08, 2026, 05:09 PM IST
Mohammed Shami

Synopsis

ബംഗാള്‍ ടി20 ലീഗില്‍ സിലിഗുരി സ്‌ട്രൈക്കേഴ്‌സിനായി കളിച്ച ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തകര്‍പ്പന്‍ ഹാട്രിക് നേടി. ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ വന്ന ഈ മികച്ച പ്രകടനം, ഷമിയുടെ അന്താരാഷ്ട്ര ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. 

കൊല്‍ക്കത്ത: ബംഗാള്‍ ടി20 ലീഗില്‍ തകര്‍പ്പന്‍ ഹാട്രിക്കുമായി ഇന്ത്യന്‍ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. റാഢ് ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ സിലിഗുരി സ്‌ട്രൈക്കേഴ്‌സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചാണ് ഷമി തന്റെ ക്ലാസ് ഒരിക്കല്‍ കൂടി തെളിയിച്ചത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ നിന്ന് മുപ്പത്തിയഞ്ചുകാരനായ ഷമി പുറത്തായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തകര്‍പ്പന്‍ പ്രകടനം എന്നതും ശ്രദ്ധേയമാണ്. മികച്ച ആഭ്യന്തര സീസണിന് ശേഷവും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഷമിയുടെ അന്താരാഷ്ട്ര ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഈ പ്രകടനം വീണ്ടും വഴിവെച്ചിരിക്കുകയാണ്.

മത്സരത്തിന്റെ പതിനാറാം ഓവറില്‍ ഷഹബാസ് അഹമ്മദിനെ പുറത്താക്കിയ ഷമി, തൊട്ടടുത്ത പന്തുകളില്‍ രോഹിത് കുമാര്‍, ദീപഞ്ജന്‍ മുഖര്‍ജി എന്നിവരെയും മടക്കിയാണ് അവിസ്മരണീയമായ ഹാട്രിക് തികച്ചത്. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി, സിലിഗുരി സ്‌ട്രൈക്കേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നിലവില്‍ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഷമിയെ ഒഴിവാക്കി ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പ്രകടനം വരുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും, മികച്ച ആഭ്യന്തര പ്രകടനം നടത്തിയിട്ടും ഷമിയെ സെലക്ടര്‍മാര്‍ അവഗണിച്ചിരുന്നു.

ഷമിയുടെ ടെസ്റ്റ് മടങ്ങിവരവ് ചര്‍ച്ചകളില്‍ ഇല്ലെന്ന് അടുത്തിടെ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമായിരുന്നു... '''ഷമിയുടെ ടെസ്റ്റ് മടങ്ങിവരവിനെക്കുറിച്ച് നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഈ വര്‍ഷം അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും ശരീരം അതിന് അനുവദിക്കുന്നുണ്ടെന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച്, നിലവില്‍ ടി20 ക്രിക്കറ്റ് കളിക്കാന്‍ മാത്രമാണ് അദ്ദേഹം സജ്ജനായിട്ടുള്ളത്. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായില്ല.'' അഗാര്‍ക്കര്‍ പറഞ്ഞു.

വര്‍ക്ക് ലോഡ് മാനേജ്മെന്റും ഫിറ്റ്‌നസ് ആശങ്കകളുമാണ് ഷമിയെ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് സെലക്ടര്‍മാരെ പിന്നോട്ട് വലിക്കുന്നത് എന്നാണ് അഗാര്‍ക്കറുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. മത്സരരംഗത്തേക്ക് തിരിച്ചെത്തി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും, ടെസ്റ്റ്, ഏകദിന ടീമുകളിലേക്ക് അദ്ദേഹത്തെ വീണ്ടും ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ടീം മാനേജ്മെന്റ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍, ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം, അഫ്ഗാനെ വീഴ്ത്തിയത് ഇന്നിംഗ്സിനും 300 റണ്‍സിനും
'ഞാൻ കളി നിർത്തണമെന്ന് നിങ്ങൾക്കുണ്ടോ?'; വിരമിക്കലിനെക്കുറിച്ച് ചോദിച്ച റിപ്പോർട്ടറെ 'ക്ലീൻ ബൗൾഡാക്കി' ഹർമൻപ്രീത് കൗർ