ഐസിസി ഏകദിന റാങ്കിംഗ്; ചരിത്രനേട്ടവുമായി മുഹമ്മദ് സിറാജ്

By Web TeamFirst Published Jan 25, 2023, 2:46 PM IST
Highlights

സമീപകാലത്ത് ഏകദിനങ്ങളില്‍ ഇന്ത്യയുടെ വിശ്വസ്ത ബൗളറായി മാറിയ സിറാജ് 20 മത്സരങ്ങളില്‍ 37 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്നലെ ഐസിസി തെരഞ്ഞെടുത്ത കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന ടീമിലും സിറാജ് ഇടം നേടിയിരുന്നു.

ദുബായ്: ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന് പേസര്‍ മുഹമ്മദ് സിറാജ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ടിനെ പിന്തള്ളി സിറാജ് ഒന്നാം സ്ഥാനത്തെത്തി. മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയ സിറാജ് ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നാം റാങ്കിലെത്തി. ജസ്പ്രീത് ബുമ്രക്കുശേഷം ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് 28കാരനായ സിറാജ്.

സമീപകാലത്ത് ഏകദിനങ്ങളില്‍ ഇന്ത്യയുടെ വിശ്വസ്ത ബൗളറായി മാറിയ സിറാജ് 20 മത്സരങ്ങളില്‍ 37 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്നലെ ഐസിസി തെരഞ്ഞെടുത്ത കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന ടീമിലും സിറാജ് ഇടം നേടിയിരുന്നു. 729 റേറ്റിംഗ് പോയന്‍റുമായാണ് സിറാജ് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 727 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് രണ്ടാമതും 708 പോയന്‍റുമായി ട്രെന്‍റ് ബോള്‍ട്ട് മൂന്നാമതുമാണ്.

ഞാന്‍ കോലിയെക്കാള്‍ കേമനായിരുന്നു എന്നിട്ടും എന്നെ തഴഞ്ഞു, വെളിപ്പെടുത്തലുമായി മുന്‍ പാക് താരം

🚨 There's a new World No.1 in town 🚨

India's pace sensation has climbed the summit of the ICC Men's ODI Bowler Rankings 🔥

More 👇

— ICC (@ICC)

പുതിയ റാങ്കിംഗില്‍ ഷര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 35ാം സ്ഥാനത്ത് എത്തിയപ്പോള്‍ ജസ്പ്രീത് ബുമ്ര രണ്ട് സ്ഥാനം താഴേക്കിറങ്ങി 24-ാമതാണ്. ഇന്ത്യന്‍ ബൗളര്‍മാരില്‍ യുസ്‌വേന്ദ്ര ചാഹലും നേട്ടമുണ്ടാക്കി. ചാഹല്‍ മൂന്ന് സ്ഥാനം ഉയര്‍ന്ന് 39-ാം സ്ഥാനത്തെത്തി. ഏഴ് സ്ഥാനം മെച്ചപ്പെടുത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ 80 സ്ഥാനത്തെത്തിയപ്പോള്‍ മുഹമ്മദ് ഷമി മൂന്ന് സ്ഥാനം താഴേക്കിറങ്ങി 32-ാമതാണ്. കുല്‍ദീപ് യാദവ് 20ാം സ്ഥാനത്ത് തുടരുന്നു. ആദ്യ ഇരുപതില്‍ സിറാജും കുല്‍ദീപും മാത്രമാണ് ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

click me!