ഐതിഹാസികം; കപില്‍ ദേവിന്‍റെയും ജസ്‌പ്രീത് ബുമ്രയുടേയും നേട്ടത്തിനൊപ്പം മുഹമ്മദ് സിറാജ്

By Web TeamFirst Published Jan 25, 2023, 6:11 PM IST
Highlights

729 റേറ്റിംഗ് പോയിന്‍റുമായാണ് മുഹമ്മദ് സിറാജ് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്

ദുബായ്: ഏകദിന ബൗളര്‍മാരില്‍ ഒന്നാം റാങ്കില്‍ എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. നേട്ടത്തിലെത്തുന്ന ആറാം ഇന്ത്യന്‍ താരമായ സിറാജ് ഇതിഹാസ താരം കപില്‍ ദേവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കൊപ്പം എലൈറ്റ് പട്ടികയിലെത്തി. ഇരുവരും മാത്രമാണ് മുമ്പ് ഏകദിനത്തില്‍ നമ്പര്‍ 1 ബൗളര്‍മാരായിട്ടുള്ള ഇന്ത്യന്‍ പേസര്‍മാര്‍. മനീന്ദര്‍ സിംഗ്, അനില്‍ കുംബ്ലെ, രവീന്ദ്ര ജഡേജ എന്നിവരാണ് ഒന്നാം റാങ്കിലെത്തിയ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍. മൂവരും സ്‌പിന്നര്‍മാരാണ്. 

729 റേറ്റിംഗ് പോയിന്‍റുമായാണ് മുഹമ്മദ് സിറാജ് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 727 റേറ്റിംഗ് പോയിന്‍റുള്ള ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് രണ്ടാമതും 708 പോയിന്‍റുമായി ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട് മൂന്നാമതുമാണ്. ന്യൂസിലന്‍ഡിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പരകളിലെ മികവാണ് മുഹമ്മദ് സിറാജിനെ ഏറ്റവും മികച്ച ഏകദിന ബൗളറാക്കിയത്. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ 9 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ സിറാജ് ന്യൂസിലന്‍ഡിനെതിരെ രണ്ട് കളിയില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. 2019 ജനുവരിയില്‍ ഓസ്‌ട്രേലിയക്ക് എതിരെ അഡ്‌ലെയ്‌ഡ് ഓവലിലായിരുന്നു സിറാജിന്‍റെ ഏകദിന അരങ്ങേറ്റം. ഇതാദ്യമായാണ് സിറാജ് ഐസിസി റാങ്കിംഗില്‍ നമ്പര്‍ 1 ബൗളറാവുന്നത്. ഇന്നലെ ഐസിസി തെരഞ്ഞെടുത്ത കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന ടീമില്‍ സിറാജ് ഇടം നേടിയിരുന്നു. 

പുതിയ റാങ്കിംഗില്‍ ഷര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 35-ാം സ്ഥാനത്ത് എത്തിയപ്പോള്‍ ജസ്പ്രീത് ബുമ്ര രണ്ട് സ്ഥാനം താഴേക്കിറങ്ങി 24-ാമതാണ്. ഇന്ത്യന്‍ ബൗളര്‍മാരില്‍ യുസ്‌വേന്ദ്ര ചാഹലും നേട്ടമുണ്ടാക്കി. ചാഹല്‍ മൂന്ന് സ്ഥാനം ഉയര്‍ന്ന് 39-ാം സ്ഥാനത്തെത്തി. ഏഴ് സ്ഥാനം മെച്ചപ്പെടുത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ 80 സ്ഥാനത്തെത്തിയപ്പോള്‍ മുഹമ്മദ് ഷമി മൂന്ന് സ്ഥാനം താഴേക്കിറങ്ങി 32-ാമതാണ്. കുല്‍ദീപ് യാദവ് 20-ാം സ്ഥാനത്ത് തുടരുന്നു. ആദ്യ ഇരുപതില്‍ സിറാജും കുല്‍ദീപും മാത്രമാണ് ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. 

ഐസിസി ഏകദിന റാങ്കിംഗ്; ചരിത്രനേട്ടവുമായി മുഹമ്മദ് സിറാജ്

click me!