
കൊളംബോ: ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ കഴിവില്‍ ആര്‍ക്കും സംശയമില്ലെങ്കിലും, സ്ഥിരതയില്ലായ്മയും നിര്‍ണ്ണായക ഇന്നിംഗ്സുകളുടെ കുറവുമാണ് പലപ്പോഴും സെലക്ഷന്‍ ചര്‍ച്ചകളില്‍ താരത്തിന് തിരിച്ചടിയാകാറുള്ളത്. എന്നാല്‍ 2026 ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 97 റണ്‍സ് സഞ്ജുവിന്റെ കരിയറിലെ തന്നെ വലിയൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. ഇന്ത്യയെ സെമി ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ ഈ ഇന്നിംഗ്സിന് പിന്നാലെ ക്രിക്കറ്റ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ജുവിനെ തേടി പ്രശംസകള്‍ എത്തുകയാണ്.
ഏറ്റവും ഒടുവിലായി സഞ്ജുവിന്റെ കഠിനാധ്വാനത്തെയും മാനസിക കരുത്തിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യന്‍ ബോളിംഗ് പരിശീലകന്‍ മോണെ മോര്‍ക്കല്‍ ആണ്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മോര്‍ക്കല്‍ സഞ്ജുവിനെ വാനോളം പുകഴ്ത്തിയത്.
സഞ്ജു വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 97 റണ്‍സ് കേവലം ഒരു രാത്രിയിലെ പ്രകടനം മാത്രമല്ലെന്നും, ശ്രദ്ധാകേന്ദ്രമല്ലാത്ത സമയങ്ങളില്‍ പോലും അദ്ദേഹം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും മോര്‍ക്കല്‍ വെളിപ്പെടുത്തി. ''സഞ്ജു മികച്ച നിലവാരമുള്ള കളിക്കാരനാണ്. അദ്ദേഹത്തെക്കുറിച്ച് ടീമിനുള്ളില്‍ വലിയ ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. നെറ്റ്സില്‍ എപ്പോഴും കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ലഭിച്ച അവസരത്തില്‍ തന്റെ ക്ലാസ്സും പരിചയസമ്പത്തും അദ്ദേഹം തെളിയിച്ചു.'' മോര്‍ക്കല്‍ പറഞ്ഞു.
ടൂര്‍ണമെന്റുകള്‍ക്കിടയില്‍ ടീം കോമ്പിനേഷനുകള്‍ മാറാം, താരങ്ങള്‍ക്ക് പെട്ടെന്ന് വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരാം. അത്തരം സാഹചര്യങ്ങള്‍ക്കായി സഞ്ജു എപ്പോഴും തയ്യാറെടുത്തിരുന്നു എന്നതാണ് മോര്‍ക്കല്‍ എടുത്തുപറഞ്ഞ കാര്യം.
പരിശീലകര്‍ എന്ന നിലയില്‍ താരത്തിന് അമിത സമ്മര്‍ദ്ദം നല്‍കാതെ പിന്തുണ നല്‍കുക മാത്രമാണ് ചെയ്തതെന്ന് മോര്‍ക്കല്‍ വ്യക്തമാക്കി. ''പ്രൊഫഷണല്‍ സ്‌പോര്‍ട്‌സില്‍ എപ്പോഴും തയ്യാറായിരിക്കുക എന്നതാണ് പ്രധാനം. സഞ്ജു തന്റെ ശാന്തത നിലനിര്‍ത്തുകയും ആ കഠിനമായ ഘട്ടത്തിലൂടെ പോരാടി മുന്നേറുകയും ചെയ്തു. അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമാണിത്.'' മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിന്റെ റണ്‍വേട്ടയെക്കാള്‍ ഉപരിയായി, അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കാനും ആ സമയമത്രയും മികച്ച രീതിയില്‍ പരിശീലനം തുടരാനുമുള്ള അദ്ദേഹത്തിന്റെ മാനസികാവസ്ഥയെയാണ് ടീം മാനേജ്മെന്റ് ഇപ്പോള്‍ വിലമതിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ സഞ്ജുവിന്റെ ഈ ഫോം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!