അടിമേടിച്ച് ടിം സൗത്തി! വീണ്ടുമൊരു മോശം പ്രകടനം; ഐപിഎല്‍ കരിയറില്‍ ആദ്യമായിട്ടല്ല

By Web TeamFirst Published Apr 1, 2023, 6:29 PM IST
Highlights

ഷാര്‍ദുല്‍ ഠാക്കൂല്‍ നാല് ഓവറില്‍ 43 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല. ഒരു വിക്കറ്റ് വീഴ്്ത്തിയ സുനില്‍ നരെയ്ന്‍ നാല് ഓവറില്‍ 40 റണ്‍സും വിട്ടുകൊടുത്തു.

മൊഹാലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് അടിച്ചെടുക്കാന്‍ പഞ്ചാബ് കിംഗ്‌സിനായിരുന്നു. ഭാനുക രജപക്‌സ (32 പന്തില്‍ 50), ശിഖര്‍ ധവാന്‍ (29 പന്തില്‍ 40) എന്നിവരുടെ ഇന്നിംഗ്‌സാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കൊല്‍ക്കത്തന്‍ ബൗളര്‍മാരില്‍ ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരൊഴികെ ബാക്കി എല്ലാവരും അടിവാങ്ങി. 

ഷാര്‍ദുല്‍ ഠാക്കൂല്‍ നാല് ഓവറില്‍ 43 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല. ഒരു വിക്കറ്റ് വീഴ്്ത്തിയ സുനില്‍ നരെയ്ന്‍ നാല് ഓവറില്‍ 40 റണ്‍സും വിട്ടുകൊടുത്തു. ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത് ടിം സൗത്തിയിരുന്നു. നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്ത സൗത്തി രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. എന്നാല്‍ ഐപിഎല്‍ കരിയറില്‍ സൗത്തിയുടെ ഏറ്റവും മോശം പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഇന്നത്തേത്. 

2019ല്‍ ആര്‍സിബിക്കായി കളിക്കുമ്പോള്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നാല് ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്തതാണ് ഏറ്റവും മോശം പ്രകടനം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിലുന്നു മത്സരം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കായി കളിക്കുമ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെ 57 റണ്‍സും വിട്ടുകൊടുത്തു. ഈ രണ്ട് മത്സരങ്ങളിലും വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. പിന്നാലെ ഇന്നത്തെ പ്രകടനവും. 

ആദ്യ ഓവര്‍ മുതല്‍ അടിയോട് അടി

പവര്‍ പ്ലേയില്‍ ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവര്‍ മുതല്‍ അടിച്ചു തകര്‍ത്താണ് പഞ്ചാബ് തുടങ്ങിയത്. ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറിലെ ഒമ്പത് റണ്‍സെടുത്ത പഞ്ചാബ് ടിം സൗത്തി എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സെടുത്തു. എന്നാല്‍ തകര്‍ത്തടിച്ച് തുടങ്ങിയ  പ്രഭ്സിമ്രാന്‍ സിംഗിനെ വീഴ്ത്തി രണ്ടാം ഓവറില്‍ സൗത്തി പഞ്ചാബിന് ബ്രേക്കിടാന്‍ ശ്രമിച്ചെങ്കിലും വണ്‍ ഡൗണായി എത്തിയ ഭാനുക രാജപക്‌സെ വെടിക്കെട്ട് തുടര്‍ന്നതോടെ പവര്‍ പ്ലേയില്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സിലെത്തി. സുനില്‍ നരെയ്‌നും ഷര്‍ദ്ദുല്‍ ഠാക്കൂറും നിറം മങ്ങിയപ്പോള്‍ പഞ്ചാബിനെ പിടിച്ചു കെട്ടാനാവാതെ കൊല്‍ക്കത്ത വിയര്‍ത്തു. രാജപക്‌സെ മിന്നലടികളുമായി കളം നിറഞ്ഞപ്പോള്‍ ധവാന്‍ മികച്ച കൂട്ടായി. ഇരുവരും രണ്ടാം വിക്കറ്റില്‍ 86 റണ്‍സടിച്ചു.

29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാജപക്‌സെ 10 ഓവറില്‍ പഞ്ചാബിനെ 100 കടത്തി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ രാജപക്‌സെയെ ഉമേഷ് മടക്കി. 32 പന്തില്‍ 50 റണ്‍സെടുത്ത രാജപക്‌സെ അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി. രാജപക്‌സെ വീണതിന് പിന്നാലെ എത്തിയ ജിതേഷ് ശര്‍മയും മോശമാക്കിയില്ല. 11 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും പറത്തി 21 റണ്‍സെടുത്ത ജിതേഷിനെ ഉമേഷിന്റെ കൈകളിലെത്തിച്ച സൗത്തി പഞ്ചാബിന് കടിഞ്ഞാണിട്ടു, പിന്നാലെ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ(29 പന്തില്‍ 40) വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കി.

അവസാന ഓവറുകളില്‍ ആളിക്കത്തി സാം കറന്‍

10 ഓവറില്‍ 100 കടന്ന പഞ്ചാബ് പതിനാറാം ഓവറിലാണ് 150 കടന്നത്. അവസാന നാലോവറില്‍ സിക്കന്ദര്‍ റാസയും(16) സാം കറനും(17 പന്തില്‍ 26*),  ഷാരൂഖ് ഖാനും(7 പന്തില്‍ 11*) ആഞ്ഞടിച്ചതോടെ ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന് കരുതിയ പഞ്ചാബ് 191ല്‍ എത്തി. അവസാന നാലോവറില്‍ 38 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്.

ഗുജറാത്ത് ടൈറ്റന്‍സിന് വലിയ തിരിച്ചടി! കെയ്ന്‍ വില്യംസണിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും
 

click me!