സൂര്യകുമാറിന്‍റെ പിൻഗാമിയാവുമെന്ന് കരുതിയിരുന്ന ശുഭ്മാന്‍ ഗില്‍ ഇനി നായകനായി വരാനുള്ള സാധ്യതയില്ലെന്ന് കൈഫ് പറഞ്ഞു. പിന്നെയുള്ളത് വൈസ് ക്യാപ്റ്റൻ അക്സര്‍ പട്ടേലാണ്.

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ടി20 ടീം നായകസ്ഥാനത്ത് സൂര്യകുമാര്‍ യാദവിന്‍റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുന്നു. ലോകകപ്പിലെ മിന്നും പ്രകടനവും ഐപിഎല്ലിലെ ക്യാപ്റ്റൻസി അനുഭവപരിചയവും കണക്കിലെടുത്ത് സഞ്ജുവിനെയും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണെന്ന് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞു.

സൂര്യകുമാറിന്‍റെ പിൻഗാമിയാവുമെന്ന് കരുതിയിരുന്ന ശുഭ്മാന്‍ ഗില്‍ ഇനി നായകനായി വരാനുള്ള സാധ്യതയില്ലെന്ന് കൈഫ് പറഞ്ഞു. പിന്നെയുള്ളത് വൈസ് ക്യാപ്റ്റൻ അക്സര്‍ പട്ടേലാണ്. ഫോമും ഫിറ്റ്നെസും നിലനിര്‍ത്തിയാല്‍ 2028ലെ ഒളിംപിക്സിലും ടി20 ലോകകപ്പിലും സൂര്യക്ക് ഇന്ത്യയെ നയിക്കാവുന്നതാണ്. എന്നാല്‍ അപ്പോഴേക്കും സൂര്യക്ക് 37 വയസാവും. അടുത്ത ക്യാപ്റ്റനെ തീരുമാനിക്കുമ്പോള്‍ സഞ്ജുവിന് മുന്നില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് അനുകൂലമായുള്ളത്.

നിലവിലെ ക്യാപ്റ്റൻ സൂര്യകുമാറിന് 35 വയസ്സായി. 2028-ലെ ഒളിമ്പിക്സും അടുത്ത ലോകകപ്പും ലക്ഷ്യമിടുമ്പോൾ സൂര്യകുമാറിന് 37 വയസ്സ് പിന്നിടും. എന്നാൽ ക്യാപ്റ്റനായി തെരഞ്ഞെടുത്താല്‍ 31-കാരനായ സഞ്ജുവിന് ദീർഘകാലം ടീമിനെ നയിക്കാൻ സാധിക്കുമെന്ന് കൈഫ് പറ‍ഞ്ഞു. ഇതിന് പുറമെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ 2022-ൽ ഫൈനലിലെത്തിച്ച സഞ്ജുവിന്‍റെ നേതൃപാടവം ശ്രദ്ധേയമാണ്. ബൗളിംഗ് മാറ്റങ്ങൾ വരുത്തുന്നതിലും ഫോമിലല്ലാത്ത താരങ്ങളെ പിന്തുണയ്ക്കുന്നതിലും സഞ്ജു മിടുക്കനാണെന്നും ടീമിനെ നയിക്കാനുള്ള പക്വത സഞ്ജുവിനുണ്ടെന്നും കൈഫ് പറഞ്ഞു.

ലോകകപ്പില്‍ പോലും സഞ്ജു അഭിഷേകിനെ പിന്തുണച്ച രീതി നമ്മള്‍ കണ്ടതാണ്. മികച്ച ഫോം നിലനിർത്തിയാല്‍ സഞ്ജുവിനെ എന്തുകൊണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിണിക്കാവുന്നതാണെന്നും കൈഫ് പറഞ്ഞു. ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' ആയ സഞ്ജു 5 മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു.

Scroll to load tweet…

ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചെങ്കിലും ക്യാപ്റ്റൻ സൂര്യകുമാറിന്‍റെ ബാറ്റിംഗ് ഫോം ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു അർദ്ധ സെഞ്ചുറി പോലും നേടാൻ സൂര്യക്കായിരുന്നില്ല. ലോകകപ്പില്‍ അദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ അര്‍ധസെഞ്ചുറി നേടിയെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ നിറം മങ്ങി. ഫൈനലിൽ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു. 2024ലെ ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യ ഒഴിവാക്കിയാണ് ഗംഭീര്‍ പരിശീലകനായതോടെ സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയത്. ഗംഭീര്‍ പരിശീലകനായശേഷം ഹാര്‍ദ്ദിക്കിനെ പകരം നായകനായി പോലും പരിഗണിച്ചിട്ടില്ല. അക്സര്‍ പട്ടേലിന് ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇതുവരെ മികവ് കാട്ടാനുമായിട്ടില്ല. ജാര്‍ഖണ്ഡിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ചെങ്കിലും ഇഷാന്‍ കിഷന് ഐപിഎൽ പോലെ വലിയ വേദികളില്‍ ടീമിനെ നയിച്ച പരിചയസമ്പത്തില്ലാത്തതും സഞ്ജുവിന് അനുകൂല ഘടകമാണെന്നാണ് വിലയിരുത്തല്‍.

ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സ് വിട്ട സഞ്ജു സാംസൺ വരുന്ന സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടിയാണ് കളിക്കുക. ധോണിയുടെ പാത പിന്തുടരുന്ന സഞ്ജുവിന് ചെന്നൈയിലെ പ്രകടനം ഇന്ത്യൻ നായകസ്ഥാനത്തേക്കുള്ള ദൂരം കുറയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക