
ദുബായ്: രണ്ട് മാസത്തെ വിശ്രമത്തിനുശേഷം ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിവരികയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ഏകദിന, ടി20 പരമ്പരകളിലെ നിരാശാജനകമയാ പ്രകടനങ്ങള്‍ക്ക് ശേഷമാണ് കോലി വിശ്രമം എടുത്തത്. ഏഷ്യാ കപ്പിലും ഫോമിലേക്ക് ഉയരാനായില്ലെങ്കില്‍ ടി20 ലോകകപ്പിലെ കോലിയുടെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടും. ഈ സാഹചര്യത്തില്‍ കോലിക്ക് കട്ട സപ്പോര്‍ട്ടുമായി എത്തിയിരിക്കുകയാണ് മന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ രവി ശാസ്ത്രി.
ഏഷ്യാ കപ്പില്‍ കോലിയുടെ പുതിയ പതിപ്പായിരിക്കും കാണുകയെന്ന് ശാസ്ത്രി പറഞ്ഞു. ഇത്തവണ കൂടുതല്‍ ശാന്തനായ ദൃഢനിശ്ചയമുള്ള പ്രതീക്ഷകളുടെ അമിതഭാരമില്ലാത്ത കോലിയെ നിങ്ങള്‍ക്ക് കാണാനാകും. കോലി മാത്രമല്ല, ലോക ക്രിക്കറ്റില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകാത്ത ഒറ്റ ക്രിക്കറ്റ് താരവും ഉണ്ടാവില്ല. ആവശ്യം വേണ്ട വിശ്രമം എടുത്ത് ഉചിതമായ സമയത്ത് അവര്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുമെന്നറിയാന്‍ റോക്കറ്റ് സയന്‍സ് ഒന്നും അറിയേണ്ട കാര്യമില്ലെന്നും ഏഷ്യാ കപ്പിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്സ് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ശാസ്ത്രി പറഞ്ഞു.
ലോകകപ്പ് ഒന്നുമല്ലല്ലോ; സിംബാബ്‌വെക്കെതിരായ പരമ്പര വിജയം ആഘോഷിച്ച ടീം ഇന്ത്യയെ ട്രോളി പാക് ആരാധകര്‍
കഴിഞ്ഞ കാലങ്ങളില്‍ എന്താണോ ശരിയായി ചെയ്തത് അതിനെക്കുറിച്ച് മാത്രമെ ഇപ്പോള്‍ കോലി ചിന്തിക്കാന്‍ പാടുള്ളു. ആനാവശ്യ ചിന്തകള്‍ അദ്ദേഹം ഒഴിവാക്കുന്നതാണ് നല്ലത്. അതിപ്പോള്‍ ഷോട്ട് സെലക്ഷന്‍റെ കാര്യത്തിലായാലും സ്കോറിംഗ് വേഗം കൂട്ടുന്നതിലായാലും ഇന്നിംഗ്സ് എങ്ങനെ കെട്ടിപ്പടുക്കണമെന്ന കാര്യത്തിലായാലും ശരി.
കോലി ശാന്തനായി തിരിച്ചെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, അദ്ദേഹത്തിന് മേലുള്ള സമ്മര്‍ദ്ദം ഒഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഫിഫ്റ്റി അടിച്ചാല്‍ തന്നെ ടൂര്‍ണമെന്‍റിലെ ശേഷിക്കുന്ന കളികളിലും വിമര്‍ശകരുടെ വായടപ്പിക്കാന്‍ കോലിക്കാവും. കഴിഞ്ഞത് കഴിഞ്ഞു. ആരാധകര്‍ അധികകാലമൊന്നും കഴിഞ്ഞതിനെക്കുറിച്ച് ഓര്‍ത്തിരിക്കാറില്ലെന്നും ശാസ്ത്രി പറഞ്ഞു. 2019നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ കോലി സെഞ്ചുറി നേടിയിട്ടില്ല.
ഏഷ്യാ കപ്പ്: മറക്കാനാവുമോ പാക്കിസ്ഥാനെ 'പഞ്ഞിക്കിട്ട്' കിംഗ് കോലി രാജവാഴ്ച തുടങ്ങിയ ആ ഇന്നിംഗ്സ്