കളിയില്‍ തുടരണോ എന്ന കാര്യത്തില്‍ ധോണി ആത്മപരിശോധന നടത്തണമെന്ന് ഗാംഗുലി

By Web TeamFirst Published Aug 26, 2019, 5:46 PM IST
Highlights

എല്ലാ കളിക്കാരും ഒരു ഘട്ടത്തില്‍ വിരമിക്കേണ്ടതുണ്ട്. ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച കളിക്കാരനായ മറഡോണയും സച്ചിനും ബ്രാഡ്മാനും എല്ലാം കരിയറില്‍ ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയവരാണ്.

കൊല്‍ക്കത്ത: പ്രതാപകാലത്തെ പോലെ ഇപ്പോഴും കളിക്കാനും മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനും കഴിയുമോ എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണി ആത്മപരിശോധന നടത്തണമെന്ന് സൗരവ് ഗാംഗുലി. കരിയറില്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്ന് ധോണി ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും ഗാംഗുലി ഇന്ത്യ ടുഡേയോട് പറഞ്ഞ‌ു.

ധോണിയെയും കോലിയെയും സച്ചിനെയും പോലുള്ള കളിക്കാരില്‍ നിന്ന് ആരാധകര്‍ എല്ലായ്പ്പോഴും അവരുടെ പ്രതാപകാലത്തെ പ്രകടനങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ തനിക്ക് തന്റെ പ്രതാപകാലത്തെപ്പോലെ മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് സ്വയം വിലയിരുത്തേണ്ടത് ധോണി തന്നെയാണ്. വിരമിക്കണോ എന്ന കാര്യത്തിലും തീരുമാനം ധോണിയുടെ മാത്രമാണ്. കാരണം ഒരു കളിക്കാരന് മാത്രമെ തന്നില്‍ കളി ജയിപ്പിക്കാനായി ഇനി എത്ര ഊര്‍ജ്ജം ബാക്കിയുണ്ടെന്ന് വ്യക്തമായി പറയാനാവു.

എല്ലാ കളിക്കാരും ഒരു ഘട്ടത്തില്‍ വിരമിക്കേണ്ടതുണ്ട്. ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച കളിക്കാരനായ മറഡോണയും സച്ചിനും ബ്രാഡ്മാനും എല്ലാം കരിയറില്‍ ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയവരാണ്. അതുകൊണ്ട് എല്ലാക്കാലത്തും ധോണിയുടെ സേവനം ലഭിക്കുമെന്ന് ഇന്ത്യന്‍ ടീമും പ്രതീക്ഷിക്കേണ്ട. ധോണിയില്ലാതെ തന്നെ മത്സരങ്ങള്‍ ജയിക്കാന്‍ ഇന്ത്യയും തയാറായേ മതിയാവുവെന്നും ഗാംഗുലി പറഞ്ഞു.

ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്കുശേഷം ധോണി വിരമിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത്തരമൊരു പ്രഖ്യാപനം ധോണിയുടെ ഭാഗത്തുനിന്ന് വന്നില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി നിന്ന ധോണി സൈനിക സേവനത്തിനായി പോയിരുന്നു.

click me!