ധോണി എപ്പോള്‍ വിരമിക്കും; മറുപടിയുമായി മാനേജര്‍

By Web TeamFirst Published Jul 9, 2020, 8:41 AM IST
Highlights

താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് പലപ്രാവശ്യമായി ഉയര്‍ന്നത്. ഇപ്പോള്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് മാനേജറായ മിഹിര്‍ ദിവാകര്‍ പ്രതികരിച്ചിരിക്കുകയാണ്. 

ദില്ലി: ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സജീവ ചര്‍ച്ചകളിലൊന്നാണ് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍. അടുത്തിടെയാണ് ധോണിയുടെ 39ാം പിറന്നാള്‍ ആഘോഷിച്ചത്. ഏകദിന ലോകകപ്പിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ധോണി കളത്തിലിറങ്ങിയിട്ടുമില്ല. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി, ഏകദിനത്തിലും ട്വന്റി20യിലുമാണ് കളിക്കുന്നത്. താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് പലപ്രാവശ്യമായി ഉയര്‍ന്നത്. ഇപ്പോള്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് മാനേജറായ മിഹിര്‍ ദിവാകര്‍ പ്രതികരിച്ചിരിക്കുകയാണ്. 

വിരമിക്കുന്നതിനെക്കുറിച്ച് ധോണി ആലോചിച്ചിട്ടില്ലെന്നാണ് ദിവാകര്‍ പറയുന്നത്. 'ഈ വര്‍ഷം ഐപിഎല്ലില്‍ ചെന്നൈയെ നയിക്കുമെന്ന് കരുതിയിരുന്നു. അതിനുള്ള കഠിന തയ്യാറെടുപ്പിലായിരുന്നു ധോണി. കൊവിഡിന് മുമ്പ് ചെന്നൈയുടെ ട്രെയ്‌നിംഗ് ക്യാമ്പില്‍ ധോണിയുടെ കളിയോടുള്ള തീവ്രത കണ്ടതാണ്. ഒരു സുഹൃത്തെന്ന നിലയില്‍ ധോണിയോട് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറില്ല. പക്ഷേ അദ്ദേഹം വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹം തയ്യാറെടുത്തിരുന്നു. ചെന്നൈയില്‍ പരിശീലനത്തിനായി ഒരുമാസം മുമ്പ് അദ്ദേഹം എത്തിയത് നമ്മള്‍ കണ്ടതാണ്'.-ദിവാകര്‍ വാര്‍ത്താഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ധോണി ഫാം ഹൗസിലെ അധ്വാനത്തിലൂടെ തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ പരിശീലനം തുടങ്ങും. സാധാരണ രീതിയിലേക്ക് കാര്യങ്ങള്‍ എപ്പോള്‍ തിരിച്ചെത്തും എന്നതിനെ ആശ്രയിച്ചായിരിക്കും ബാക്കി കാര്യങ്ങളെന്നും ദിവാകര്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ ഐപിഎല്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഉണ്ടാകുമോ എന്നതില്‍ തീരുമാനമായിട്ടില്ല. വിദേശത്ത് നടത്തിയാല്‍ വന്‍ ചെലവ് വരുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. 

click me!