
മുംബൈ: ഏത് സാഹചര്യത്തിലും മൈതാനത്തിറങ്ങാന്‍ കഴിയുന്ന 25-30 താരങ്ങളുടെ സംഘത്തെ എം എസ് ധോണി(MS Dhoni) സൃഷ്‌ടിച്ചതാണ് 2011 ഏകദിന ലോകകപ്പ്(2011 ODI World Cup) നേടാനുള്ള കാരണങ്ങളിലൊന്ന് എന്ന് ഇന്ത്യന്‍ മുന്‍ സ്‌പിന്നര്‍ പ്രഗ്യാന്‍ ഓജ(Pragyan Ojha). ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ലോകകപ്പ് നേടിയത്. അടുത്ത ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ടീം പ്ലേയിംഗ് ഇലവനില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോഴാണ് ഓജയുടെ പ്രസ്‌താവന എന്നത് ശ്രദ്ധേയമാണ്.
പരീക്ഷണങ്ങള്‍ക്ക് മുന്‍ മാതൃക
'25-30 താരങ്ങളുടെ സംഘത്തെ ലോകകപ്പ് മുന്നില്‍ കണ്ട് എം എസ് ധോണി തയ്യാറാക്കിയതാണ് 2011 ലോകകപ്പ് വിജയത്തിന് കാരണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ലോകകപ്പിന് മുമ്പ് കുറഞ്ഞത് 40 മത്സരമെങ്കിലും കളിക്കണമായിരുന്നു. നിങ്ങള്‍ ചിലപ്പോള്‍ റണ്‍സ് കണ്ടെത്തിയിരിക്കാം. എന്നാല്‍ വ്യത്യസ്തമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ലീഗ് ഘട്ടത്തില്‍ ഇത് തോന്നില്ലായിരിക്കാം. എന്നാല്‍ സെമിഫൈനലിലും ഫൈനലിലുമാണ് ഈ പരിചയസമ്പത്ത് തുണയ്‌ക്കുക' എന്നും ഓജ ഫാന്‍ കോഡില്‍ പറഞ്ഞു.
'ടീം ഇന്ത്യക്കായാണ് കളിക്കുന്നതെന്ന ഓര്‍മ്മ താരങ്ങള്‍ക്ക് വേണം. അവസരങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തണം. സൂര്യകുമാര്‍ യാദവിനെയും ദീപക് ഹൂഡയേയും നോക്കൂ. ഇരുവരും സെഞ്ചുറികള്‍ നേടി. ഫോര്‍മാറ്റ് ഏതായാലും, ഏത് തലത്തിലായാലും സെഞ്ചുറികള്‍ നേടിയാല്‍ ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും. രഞ്ജി ട്രോഫിയില്‍ പോരാട്ടം കടുത്തിരിക്കുന്നു. സെഞ്ചുറി നേടിയതാരൊക്കെയെന്ന് ആളുകള്‍ ചര്‍ച്ച ചെയ്യുന്നില്ല. ആരൊക്കെയാണ് ഇരട്ട ശതകവും ട്രിപ്പിളും നേടിയത് എന്നാണ് ആളുകള്‍ തിരയുന്നത്' എന്നും പ്രഗ്യാന്‍ ഓജ കൂട്ടിച്ചേര്‍ത്തു.
ധോണിയുടെ വിജയം
എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ലങ്കയെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ 2011 ഏകദിന ലോകകപ്പില്‍ കിരീടമുയര്‍ത്തിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 275 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തില്‍ 10 പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടുകയായിരുന്നു. 97 റണ്‍സെടുത്ത ഗൗതം ഗംഭീറിനും 35 റണ്‍സെടുത്ത വിരാട് കോലിക്കും പിന്നാലെ 79 പന്തില്‍ 91 റണ്‍സുമായി ധോണി ഇന്ത്യയെ ജയത്തിലെത്തിച്ചു. ധോണിക്കൊപ്പം 21 റണ്‍സുമായി യുവ്‌രാജ് സിംഗ് പുറത്താകാതെ നിന്നു.
മഹേള ജയവര്‍ധനെയുടെ സെഞ്ചുറിക്കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ ടീം 50 ഓവറില്‍ ആറ് വിക്കറ്റിന് 274 റണ്‍സെടുത്തത്. ജയവര്‍ധനെ 88 പന്തില്‍ പുറത്താകാതെ 103 റണ്‍സെടുത്തു. കുമാര്‍ സംഗക്കാര 48 റണ്‍സും നേടി. വാലറ്റത്ത് 9 പന്തില്‍ 22 റണ്‍സുമായി തിസാര പേരേര നിര്‍ണായകമായി. ഇന്ത്യക്കായി സഹീര്‍ ഖാനും യുവിയും രണ്ട് വീതവും ഹര്‍ഭജന്‍ ഒരു വിക്കറ്റും നേടി. ധോണി ഫൈനലിലെയും യുവി ടൂര്‍ണമെന്‍റിന്‍റേയും താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.