ടീം ഇന്ത്യയുടെ ജേഴ്‌സികള്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചതോടെ ട്രോളും പരിഹാസങ്ങളുമായി നിരവധി ആരാധകരാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്

വാര്‍ണര്‍ പാര്‍ക്ക്: വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ രണ്ടാം ടി20(WI vs IND 2nd T20I) മൂന്ന് മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം താരങ്ങളുടെ കിറ്റുകള്‍ അടങ്ങിയ ലഗേജ് സ്റ്റേഡിയത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് 11 മണിക്ക് തുടങ്ങുകയായിരുന്നു. മത്സരം തുടങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം(Indian National Cricket Team) അവരുടെ കിറ്റുകള്‍ കിട്ടിയില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതോടെ അര്‍ഷ്‌ദീപ് സിംഗിന്‍റെ ജേഴ്‌സി മറ്റ് രണ്ട് താരങ്ങള്‍ കൂടി എടുത്തണി‌ഞ്ഞു. ഇത് വലിയ ആശയക്കുഴപ്പവും പൊട്ടിച്ചിരിയും സമ്മാനിച്ചു. ട്രോളും പരിഹാസങ്ങളുമായി നിരവധി ആരാധകരാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. 

അര്‍ഷ്‌ദീപ് സിംഗ്, രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയ താരത്തിന്‍റെ ജേഴ്‌സി കണ്ട് ഏവരും ഞെട്ടി. ഓപ്പണറുടെ റോളിലെത്തിയ സൂര്യകുമാര്‍ യാദവ് മറ്റ് മാര്‍ഗങ്ങളില്ലാതെ അര്‍ഷ്‌ദീപിന്‍റെ കുപ്പായം അണിയുകയായിരുന്നു. പേസര്‍ ആവേഷ് ഖാന്‍ കളത്തിലെത്തിയതും അര്‍ഷ്‌ദീപ് സിംഗിന്‍റെ ജേഴ്‌സിയണിഞ്ഞുതന്നെ. ഒരേ താരത്തിന്‍റെ പേരുള്ള ജേഴ്‌സിയുമായി മൂന്ന് താരങ്ങള്‍ കളത്തിലെത്തിയത് ആരാധകരില്‍ കൗതുകമുണര്‍ത്തി. മൂവരും ഒരേസമയം ഫീല്‍ഡിലുണ്ടായിരുന്നു എന്നതും രസകരമായി. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മത്സരത്തില്‍ സംഭവിച്ചത്...

ആദ്യ ടി20യില്‍ ഇന്ത്യ 68 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ച് ആതിഥേയരായ വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. സ്കോർ: ഇന്ത്യ-19.4 ഓവറിൽ 138. വിൻഡീസ്-19.2 ഓവറിൽ 141/5. 52 പന്തിൽ 68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ് വിൻഡീസിനെ ജയിപ്പിച്ചത്. അവസാന ഓവറിൽ തകർത്തടിച്ച തോമസിന്‍റെ ഇന്നിംഗ്‌സ് നിർണായകമായി. അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആ‍ര്‍ അശ്വിൻ, ഹാർദിക് പാണ്ഡ്യ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. തന്‍റെ അവസാന പന്തിലാണ് മക്കോയി ആറ് വിക്കറ്റ് തികച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 31 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ പൂജ്യത്തിന് പുറത്തായി. ഇന്ത്യ ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടായില്ല. സൂര്യകുമാർ യാദവ്(11), ശ്രേയസ് അയ്യർ(10), ദിനേഷ് കാർത്തിക്(7) എന്നിവർ നിരാശപ്പെടുത്തി. രവിചന്ദ്ര അശ്വിൻ 10 റൺസെടുത്തു. വിൻഡീസിന് വേണ്ടി മക്കോയിയുടെ ആറിന് പുറമെ ജേസൻ ഹോൾഡർ രണ്ടും അൽസാരി ജോസഫ്, അക്കീൽ ഹൊസെയ്ൻ എന്നിവർ ഓരോ വിക്കറ്റും നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20 ഇന്ന് നടക്കും.