
ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ശനിയാഴ്ച്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ മുന്‍ നായകന്‍ എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയിലേക്ക് തിരിച്ചെത്തിയേക്കും. കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് വിട്ടുനിന്ന താരം തിരിച്ചെത്തുമ്പോള്‍, നിലവില്‍ വിജയവഴിയിലുള്ള ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തണോ എന്ന ആശയക്കുഴപ്പത്തിലാണ് സിഎസ്‌കെ മാനേജ്മെന്റ്. ധോണിയുടെ അഭാവത്തില്‍ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ചെന്നൈക്ക് വിജയിക്കാനായത്.
എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ ടീം താളം കണ്ടെത്തിക്കഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് മുന്നോടിയായി ധോണി നെറ്റ്സില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും പൂര്‍ണ്ണ കായികക്ഷമത കൈവരിക്കാത്തതിനാല്‍ അന്ന് കളിച്ചിരുന്നില്ല. തുടര്‍ച്ചയായ രണ്ട് വിജയങ്ങളുമായി ചെന്നൈ ആത്മവിശ്വാസത്തിലാണ്. വിജയ ഫോര്‍മുലയില്‍ മാറ്റം വരുത്താന്‍ ഇഷ്ടപ്പെടാത്ത ടീമാണ് ചെന്നൈയെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനും കമന്റേറ്റററുമായ ആരോണ്‍ ഫിഞ്ച് അഭിപ്രായപ്പെട്ടു.
ഫിഞ്ചിന്റെ വാക്കുകള്‍... ''ജയിച്ചു തുടങ്ങിക്കഴിഞ്ഞാല്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സിഎസ്‌കെ മടിക്കാറുണ്ട്. കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണത്. ധോണി തിരിച്ചെത്തിയാലും ഒരുപക്ഷേ ഒരു പ്രത്യേക റോളില്‍ (ഇംപാക്ട് പ്ലെയര്‍) മാത്രമായിരിക്കും അദ്ദേഹത്തെ ഉപയോഗിക്കുക.'' ഫിഞ്ച് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയ ധോണിയുടെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ടീം പ്രതിസന്ധിയിലായ ഘട്ടങ്ങളില്‍ പോലും എട്ടാം നമ്പറിലാണ് അദ്ദേഹം ബാറ്റിംഗിന് എത്തിയിരുന്നത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 135.17 സ്‌ട്രൈക്ക് റേറ്റില്‍ 196 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അന്ന് ചെന്നൈ ഫിനിഷ് ചെയ്തത്.
ഫിനിഷിംഗില്‍ പഴയ മികവ് പുലര്‍ത്താന്‍ ധോണിക്ക് കഴിയാത്തത് ടീമിന് വെല്ലുവിളിയാണ്. അതിനാല്‍ തന്നെ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ധോണിയെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കും ചെന്നൈയുടെ പ്രകടനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!