2019ലെ ഏറ്റവും മികച്ച ഏകദിന ബൗളര്‍ ഷമി; ഭുവിക്കും കുല്‍ദീപിനും ചാഹലിനും നേട്ടം; കണക്കുകളിങ്ങനെ

By Web TeamFirst Published Dec 25, 2019, 6:14 PM IST
Highlights

ഷമി ചരിത്രനേട്ടത്തിലെത്തുന്നത് രണ്ടാം തവണ. ഇന്ത്യന്‍ പേസര്‍മാരില്‍ ഭുവനേശ്വര്‍ കുമാറും പട്ടികയില്‍. 

മുംബൈ: ഈ വര്‍ഷം(2019) ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറെന്ന നേട്ടം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലുള്‍പ്പടെ തിളങ്ങിയ ഷമി ആകെ 42 വിക്കറ്റുകളാണ് ഈ വര്‍ഷം നേടിയത്. ഷമിക്കൊപ്പം ഭുവനേശ്വര്‍ കുമാറും ആദ്യ അഞ്ച് താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുണ്ട്. ന്യൂസിലന്‍ഡ് താരങ്ങളായ ട്രെന്‍ഡ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, ബംഗ്ലാദേശ് പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.

മുഹമ്മദ് ഷമി

21 മത്സരങ്ങളില്‍ നിന്ന് 42 വിക്കറ്റുകളാണ് 2019ല്‍ ഷമി കൊയ്‌തത്. രണ്ടാം തവണയാണ് ഷമി ഈ നേട്ടത്തിലെത്തുന്നത്. 2014ല്‍ 38 വിക്കറ്റുകളുമായി ഷമി മുന്നിലെത്തിയിരുന്നു. ഇംഗ്ലണ്ട് ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് ഷമി നേടിയത്. അഫ്‌ഗാനെതിരായ ഹാട്രിക് നേട്ടവും ഇതിലുള്‍പ്പെടുന്നു. 

ട്രെന്‍ഡ് ബോള്‍ട്ട്

ഇരുപത് ഏകദിനങ്ങളില്‍ നിന്ന് 38 വിക്കറ്റുകളാണ് കിവീസ് പേസര്‍ ബോള്‍ട്ട് സ്വന്തമാക്കിയത്. 4.70 മാത്രമാണ് താരത്തിന്‍റെ ഇക്കോണമി. ന്യൂസിലന്‍ഡ് റണ്ണേര്‍‌സ് അപ്പായ ഇംഗ്ലണ്ട് ലോകകപ്പില്‍ 10 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ നേടി. ഇന്ത്യക്കെതിരെ ഹാമില്‍ട്ടണില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ് ഈ വര്‍ഷത്തെ മികച്ച പ്രകടനം. 

ലോക്കി ഫെര്‍ഗുസന്‍

പട്ടികയില്‍ ഇടംപിടിച്ച രണ്ടാമത്തെ കിവീസ് പേസറാണ് ലോക്കി ഫെര്‍ഗുസന്‍. 17 മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റുകള്‍ പേരിലാക്കി. തുടര്‍ച്ചയായി 150 കി.മീ വേഗതയില്‍ പന്തെറിയുന്ന താരം ലോകകപ്പില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റ് വീഴ്‌ത്തി. ഐസിസിയുടെ ലോകകപ്പ് ടീമിലും താരം ഇടംലഭിച്ചിരുന്നു.

മുസ്‌താഫിസുര്‍ റഹ്‌മാന്‍

ബംഗ്ലാ ഇടംകൈയന്‍ പേസര്‍ 16 മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകളാണ് നേടിയത്. ഇംഗ്ലണ്ട് ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകള്‍ പേരിലാക്കി. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഉള്‍പ്പടെയാണിത്. ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ ബൗളറാണ് മുസ്‌താഫിസുര്‍. 

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യന്‍ പേസ്‌നിര താണ്ഡവമാടിയ വര്‍ഷത്തില്‍ ഭുവിയും കെങ്കേമമാക്കി. 19 മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റാണ് ഭുവി കൊയ്‌തത്. ശരാശരി 5.23 റണ്‍സ് വിട്ടുകൊടുത്താണ് ഭുവനേശ്വറുടെ പ്രകടനം. ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ കളിച്ച പേസര്‍ 10 വിക്കറ്റ് നേടി. വിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ 31 റണ്‍സിന് നാല് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ഇന്ത്യന്‍ സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവ് 32ഉം യുസ്‌വേന്ദ്ര ചാഹല്‍ 29ഉം വിക്കറ്റ് 2019ല്‍ വീഴ്‌ത്തിയിട്ടുണ്ട്. 

click me!