ലോകത്തെ ഏറ്റവും മികച്ച ബൗളര്‍ ബുമ്രയല്ല! ഓസീസ് പേസറുടെ പേരുമായി ടിം പെയ്‌ന്‍

By Web TeamFirst Published Dec 25, 2019, 5:55 PM IST
Highlights

കമ്മിന്‍സിന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ് 2019. ഈ വര്‍ഷം 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തിയിരുന്നു കമ്മിന്‍സ്.

മെല്‍ബണ്‍: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍ പാറ്റ് കമ്മിന്‍സ് എന്ന് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് നായകന്‍ ടിം പെയ്‌ന്‍. ടെസ്റ്റിലെ നമ്പര്‍ വണ്‍ ബൗളറാണ് നിലവില്‍ കമ്മിന്‍സ്. പലരും ഇന്ത്യന്‍ പേസര്‍ ബുമ്രയുടെ പേരുപറയുമ്പോഴാണ് കമ്മിന്‍സിനെ പെയ്‌ന്‍ വാഴ്‌ത്തുന്നത്. എന്നാല്‍ കണക്കുകള്‍ നിരത്തിയാണ് പെയ്‌നിന്‍റെ വാദം. 

ലോകത്തെ ഏറ്റവും മികച്ച ബൗളറാണ് കമ്മിന്‍സ് എന്ന് നിസംശയം പറയാം. കമ്മിന്‍സിന്‍റെ കണക്കുകള്‍ അത് ശരിവെക്കുന്നു. ഒരു സീരിസിലോ ഒരു ടെസ്റ്റിലോ രണ്ട് ടെസ്റ്റിലോ മാത്രമല്ല, എല്ലാ മത്സരത്തിലും കമ്മിന്‍സ് മികവ് കാട്ടുന്നതായും പെയ്‌ന്‍ ചൂണ്ടിക്കാട്ടുന്നു. പരിചയസമ്പത്തിന് അനുസരിച്ച് കമ്മിന്‍സിന്‍റെ മികവ് വര്‍ധിക്കുകയാണ്. എപ്പോഴും 140 കി.മീയിലധികം വേഗത്തിലല്ല അദേഹം പന്തെറിയുന്നത്. തന്ത്രങ്ങളില്‍ കമ്മിന്‍സ് മുന്നിട്ടുനില്‍ക്കുന്നതായും ഓസീസ് നായകന്‍ കൂട്ടിച്ചേര്‍ത്തു. 

ന്യൂസിലന്‍ഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ കമ്മിന്‍സ് ആറ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. കമ്മിന്‍സ് തിളങ്ങിയപ്പോള്‍ ഓസീസ് 296 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് നേടിയത്. ഇതിന് പിന്നാലെ നടന്ന താരലേലത്തില്‍ ഐപിഎല്‍ ചരിത്രത്തില്‍ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന വിദേശ താരമെന്ന നേട്ടത്തിലുമെത്തി കമ്മിന്‍സ്.  15.5 കോടി രൂപയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. 

കമ്മിന്‍സിന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ് 2019. ഈ വര്‍ഷം 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തിയ കമ്മിന്‍സ് 11 മത്സരങ്ങളില്‍ 54 വിക്കറ്റാണ് വീഴ്‌ത്തിയത്. ചാര്‍ലി ടര്‍ണര്‍ക്ക് ശേഷം വേഗത്തില്‍ 100 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഓസീസ് പേസര്‍ എന്ന നേട്ടത്തിലെത്തി കമ്മിന്‍സ്. കരിയറിലാകെ 28 ടെസ്റ്റുകളില്‍ നിന്ന് 134 വിക്കറ്റും 58 ഏകദിനങ്ങളില്‍ 96 വിക്കറ്റും 25 ടി20കളില്‍ 32 വിക്കറ്റും കമ്മിന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 

click me!