മുഷീർ ഖാന് സെഞ്ചുറി, ശ്രേയസിന്‍റെ തകർപ്പൻ തിരിച്ചുവരവ്; രഞ്ജിയില്‍ കിരീടം ഉറപ്പിച്ച് മുംബൈ

By Web TeamFirst Published Mar 12, 2024, 2:15 PM IST
Highlights

 രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലറങ്ങിയ മുംബൈക്ക് സ്കോര്‍ 164ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ വിക്കറ്റ് നഷ്ടമായി.

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ കിരീടമുറപ്പിച്ച് മുംബൈ. വിദര്‍ഭക്കെതിരെ 119 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ മുംബൈ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെന്ന ശക്തമായ നിലയിലാണ്. 130 റണ്‍സുമായി സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ മുഷീര്‍ ഖാനും രണ്ട് റണ്‍സുമായി ഹാര്‍ദിക് തമോറെയും ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ മുംബൈക്കിപ്പോള്‍ 454 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

73 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെയും 95 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെയും വിക്കറ്റുകളാണ് മുംബൈക്ക് മൂന്നാം ദിനം നഷ്ടമായത്. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 224 റണ്‍സിന് മറുപടിയായി വിദര്‍ഭ രണ്ടാം ദിനം 105 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലറങ്ങിയ മുംബൈക്ക് സ്കോര്‍ 164ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ വിക്കറ്റ് നഷ്ടമായി. 143 പന്തില്‍ 73 റണ്‍സടിച്ച് ഐപിഎല്ലിന് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്തിയ രഹാനെയെ ഹര്‍ഷ് ദുബെയുടെ പന്തില്‍ വഡ്കര്‍ ക്യാച്ചെടുത്ത് പുറത്താക്കി.

സച്ചിന്‍റെ ഇരട്ടി നേടി സഞ്ജു, ഐപിഎല്ലില്‍ നിന്ന് കോലിക്കും രോഹിത്തിനും ധോണിക്കും ഇതുവരെ എത്ര കിട്ടി

പിന്നീട് ബാറ്റിംഗിനിറങ്ങിയ ശ്രേയസ് അയ്യര്‍ കഴിഞ്ഞ മത്സരങ്ങളിലെ നിരാശ മറികടക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഉറച്ച പ്രതിരോധവുമായി മുഷീര്‍ ഖാന്‍ ഒരറ്റം കാത്തപ്പോള്‍ ശ്രേയസ് ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ചു. 255 പന്തിലാണ് മുഷീര്‍ ഖാന്‍ തന്‍റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി തികച്ചത്. 62 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ശ്രേയസ് സെഞ്ചുറിക്ക് അരികെ വീണു.111 പന്തില്‍ 95 റണ്‍സടിച്ച ശ്രേയസിനെ താക്കറെയുടെ പന്തില്‍ മൊഖാദെ ക്യാച്ചെടുത്ത് പുറത്താക്കി.10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ശ്രേയസിന്‍റെ ഇന്നിംഗ്സ്. രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ വിദര്‍ഭക്ക് എത്തിപ്പിടിക്കാവുന്നതിലും വലിയ ലക്ഷ്യം മുന്നോട്ടുവെച്ച് 42-ാം തവണയും രഞ്ജി കിരീടത്തില്‍ മുത്തമിടാനാവും മുംബൈ ഇനി ശ്രമിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!