ധോണിയും പാണ്ഡ്യയുമൊന്നുമല്ല, ഐപിഎൽ ലേലത്തിനെത്തിയാല്‍ ആ 4 പേർക്കും 100 കോടി വരെ കിട്ടുമെന്ന് ഉത്തപ്പ

By Web TeamFirst Published Mar 12, 2024, 12:46 PM IST
Highlights

എന്നാല്‍ ഓരോ ലേലത്തിലും മുടക്കാവുന്ന തുകക്ക് പരിധി നിശ്ചിയിച്ചിട്ടില്ലായിരുന്നെങ്കില്‍ നാലു താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ 100 കോടിക്ക് മുകളിലും മുടക്കാന്‍ തയാറാവുമെന്നാണ് ഉത്തപ്പ പറയുന്നത.

ചെന്നൈ: ഐപിഎല്‍ ആവേശത്തിന് കൊടി ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുളളത്. നാല്‍പതിന്‍റെ ചെറുപ്പത്തില്‍ ധോണിയും രോഹിത്തും വിരാട് കോലിയുമെല്ലാം ഇപ്പോഴും ഐപിഎല്ലില്‍ സൂപ്പര്‍ താരങ്ങളായി വാഴുന്നു. ഐപിഎല്ലില്‍ പ്രതിഫലത്തിന് പരിധിയില്ലായിരുന്നെങ്കില്‍ 100 കോടി രൂപ മുടക്കിയിട്ടായാലും ടീമുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന നാലു താരങ്ങളുടെ പേരുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ താരം റോബിന്‍ ഉത്തപ്പ. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി മുടക്കി മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയതാണ് ഇതുവരെ ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം.

എന്നാല്‍ ഓരോ ലേലത്തിലും മുടക്കാവുന്ന തുകക്ക് പരിധി നിശ്ചിയിച്ചിട്ടില്ലായിരുന്നെങ്കില്‍ നാലു താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ 100 കോടിക്ക് മുകളിലും മുടക്കാന്‍ തയാറാവുമെന്നാണ് ഉത്തപ്പ പറയുന്നത. ഉത്തപ്പ തെരഞ്ഞെടുത്ത നാലു താരങ്ങളില്‍ തന്‍റെ മുന്‍ നായകനും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ എം എസ് ധോണിയില്ലെന്നതാണ് പ്രത്യേകത. യുവതാരങ്ങളുമില്ല.

ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനത്തിനൊരുങ്ങി ബിസിസിഐ, ടി20 ലോകകപ്പിൽ കളിക്കുക വിരാട് കോലിയില്ലാത്ത ഇന്ത്യൻ ടീം

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീട നേട്ടത്തിലേക്ക് നയിച്ച രോഹിത് ശര്‍മയാണ് ഉത്തപ്പ തെരഞ്ഞെടുത്ത ഒരു താരം. രണ്ടാമത്തെ താരമാകട്ടെ ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരിലൊരാളായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വിരാട് കോലിയാണ്. മുംബൈ ഇന്ത്യന്‍സിന്‍റെ വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവാണ്  മൂന്നാമത്തെ താരം. ഉത്തപ്പ തെരഞ്ഞെടുത്ത നാലാമത്തെ താരവും മുംബൈയില്‍ നിന്നു തന്നെയാണ്. മറ്റാരുമല്ല, ഇന്ത്യന്‍ പേസ് കുന്തമുനയായ ജസ്പ്രീത് ബുമ്ര.

Robin Uthappa said, "Virat Kohli, Rohit Sharma, Suryakumar Yadav and Jasprit Bumrah will go for 100cr if there's no salary cap in the IPL". (News24 Sports). pic.twitter.com/ZHqaSp9kCX

— Mufaddal Vohra (@mufaddal_vohra)

നിലവില്‍ 16 കോടി രൂപയാണ് മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും പ്രതിഫലം. ജസ്പ്രീത് ബുമ്രക്കാകട്ടെ 12 കോടി രൂപയാണ് പ്രതിഫലമായി നല്‍കുന്നത്. ആര്‍ സിബിയില്‍ വിരാട് കോലിക്ക് 15 കോടി രൂപയാണ് പ്രതിഫലം. ഇത്തവണ ഐപിഎല്ലില്‍ തന്‍റെ മുന്‍ ടീമായ കൊല്‍ക്കതത നൈറ്റ് റൈഡേഴ്സ് കിരീടം നേടുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തില്‍ ഉത്തപ്പ പറഞ്ഞു. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!