
മുംബൈ: ഐപിഎല്‍ പതിനാറാം സീസണിന് മുന്നോടിയായി കൈവിട്ട താരങ്ങളുടെ പട്ടിക മുംബൈ ഇന്ത്യന്‍സ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്ന് ഓസീസ് ഇടംകൈയന്‍ പേസര്‍ ജേസന്‍ ബെഹ്‌റന്‍ഡോര്‍റഫിനെ മുംബൈ സ്വന്തമാക്കിയത് ശ്രദ്ധേയമായി. എങ്കിലും മുംബൈ ഇന്ത്യന്‍സിന്‍റെ സ്ക്വാഡില്‍ ആശങ്കയുണ്ട് എന്നാണ് ഇന്ത്യന്‍ മുന്‍താരം വസീം ജാഫറിന്‍റെ അഭിപ്രായം. ഐപിഎല്‍ 2023 സീസണില്‍ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മുംബൈക്കായി കളിക്കാനെത്തുമോ എന്നാണ് ജാഫര്‍ പ്രധാനമായും ചോദിക്കുന്നത്.
'ജോഫ്ര ആര്‍ച്ചര്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് പ്രതീക്ഷിക്കുന്നത്. അദേഹം വന്നില്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സിന് അത് വലിയ പ്രതിസന്ധിയാവും. ജസ്പ്രീത് ബുമ്രക്കും ജോഫ്ര ആര്‍ച്ചര്‍ക്കും ജേസന്‍ ബെഹ്‌റന്‍ഡോര്‍റഫിനും മികച്ച പേസ് സഖ്യമാകാന്‍ കഴിയും. ഉത്തരാഖണ്ഡില്‍ നിന്നുള്ള ആകാശ് മധ്വാൾ വലിയൊരു പ്രതീക്ഷയാവും. എന്നാല്‍ മുംബൈയുടെ സ്‌പിന്‍ വിഭാഗം ദുര്‍ബലമാണ്. ഹൃത്വിക് ഷോക്കീൻ ഓഫ് സ്‌പിന്നറാണെങ്കിലും വാംഖഢെയില്‍ കാര്യമായൊന്നും ചെയ്യാനാവില്ല. കുമാര്‍ കാര്‍ത്തികേയക്ക് മികവ് കാട്ടാനാകും എന്നാണ് പ്രതീക്ഷ. മുംബൈക്ക് അധികം വിദേശ സ്പിന്നര്‍മാരെ ആശ്രയിക്കാനാവില്ല. കാരണം ടിം ഡേവിഡ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ജോഫ്ര ആര്‍ച്ചര്‍, ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ് തുടങ്ങിയ താരങ്ങളെ കളിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ആരാകും കളിക്കുക എന്ന് വ്യക്തമല്ല. മുംബൈ റിലീസ് ചെയ്ത താരങ്ങളെയെല്ലാം പ്രതീക്ഷിച്ചതാണ്. അതില്‍ അത്ഭുതമില്ല' എന്നും ജാഫര്‍ പറഞ്ഞു.
മിനി താരലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസിയുടെ ഇതിഹാസം കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ ഉള്‍പ്പെടെ 13 താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്തിട്ടുള്ളത്. അതില്‍ അഞ്ച് വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. താരലേലത്തില്‍ ഇതോടെ മുംബൈക്ക് 20.55 കോടി ചെലവഴിക്കാനാകും.
മുംബൈ റിലീസ് ചെയ്‌ത താരങ്ങള്‍
കെയ്‌റോണ്‍ പൊള്ളാര്‍ഡ്, അന്‍മോല്‍പ്രീത് സിംഗ്, ആര്യന്‍ ജുയാല്‍, ബേസില്‍ തമ്പി, ഡാനിയേല്‍ സാംസ്, ഫാബിയന്‍ അലന്‍, ജയ്ദേവ് ഉനദ്ഘട്ട്, മായങ്ക് മാര്‍ക്കണ്ഡെ, മുരുഗന്‍ അശ്വിന്‍, രാഹുല്‍ ഭുദ്ധി, റിലെ മെറിഡിത്ത്, സഞ്ജയ് യാദവ്, ടൈമല്‍ മില്‍സ്.
മുംബൈയുടെ നിലവിലെ സ്ക്വാഡ്
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ടിം ഡേവിഡ്, രമൺദീപ് സിംഗ്, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡെവാൾഡ് ബ്രെവിസ്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുമ്ര, അർജുൻ ടെന്‍ഡുല്‍ക്കര്‍, അർഷാദ് ഖാൻ, കുമാർ കാർത്തികേയ, ഹൃത്വിക് ഷോക്കീൻ, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്വാൾ.