ടി20 ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെട്ട് ഒരു ദിവസം കഴിഞ്ഞതിന് ശേഷം അമേരിക്കന്‍ ടീമിന് ആശംസകളുമായി ഡൊണാള്‍ഡ് ട്രംപ്. 

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയോട് തോറ്റ് 24 മണിക്കൂര്‍ പിന്നിട്ടതിന് പിന്നാലെ അമേരിക്കന്‍ ക്രിക്കറ്റ് ടീമിന് വിജയആശംസകളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ രാജ്യത്തിന്റെ ടീമിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ മത്സരം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ട ശേഷമുള്ള ട്രംപിന്റെ ഈ 'വൈകിയെത്തിയ' ആശംസ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ട്രംപിന്റെ സന്ദേശം ഇങ്ങനെയായിരുന്നു... ''ഇന്ത്യയില്‍ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നുണ്ടെന്ന് ഞാന്‍ ഇപ്പോള്‍ അറിഞ്ഞു! ടീം യുഎസ്എയ്ക്ക് എല്ലാ വിജയങ്ങളും നേരുന്നു. നമുക്ക് വളരെ കരുത്തുറ്റ ഒരു ടീമുണ്ട്. അമേരിക്ക നിങ്ങളെ പിന്തുണയ്ക്കുന്നു!'' അദ്ദേഹം കുറിച്ചിട്ടു. ഫെബ്രുവരി 8ന് രാത്രിയായിരുന്നു ട്രംപിന്റെ ഈ പോസ്റ്റ്. എന്നാല്‍ ശനിയാഴ്ച രാത്രി മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ അമേരിക്കയെ 29 റണ്‍സിന് പരാജയപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതിന് ശേഷമാണ് അദ്ദേഹം പോസ്റ്റുമായി എത്തിയത്.

മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് അമേരിക്ക കീഴടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 77 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ (84)* തകര്‍പ്പന്‍ പ്രകടനം ഇന്ത്യയെ 161 റണ്‍സിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ വംശജനായ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് 25 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വിറപ്പിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്കയെ മുഹമ്മദ് സിറാജ് (3/29) എറിഞ്ഞു വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ സിറാജിന്റെ പ്രകടനം ഇന്ത്യക്ക് ജയമൊരുക്കി.

നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുക്കാനേ അമേരിക്കയ്ക്ക് സാധിച്ചുള്ളൂ. എങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ വിറപ്പിച്ച പ്രകടനമാണ് അമേരിക്കന്‍ ടീം കാഴ്ചവെച്ചത്. മത്സരഫലം അറിഞ്ഞില്ലെങ്കിലും, തന്റെ ടീമിന് പിന്തുണ നല്‍കിയ ട്രംപിന്റെ പോസ്റ്റിന് ഇതിനകം തന്നെ ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

YouTube video player