
അഹമ്മദാബാദ്: ഐപിഎല്ലിന്റെ 18-ാം സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ് തുടങ്ങിയ മുംബൈ ഇന്ത്യൻസിന് വീണ്ടും തലവേദന. കുറഞ്ഞ ഓവര്‍ നിരക്ക് ചൂണ്ടിക്കാട്ടി മുംബൈ നായകൻ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയെന്ന് ഐപിഎൽ പ്രസ്താവനയിലൂടെ അറിയിച്ചു. ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവര്‍ നിരക്കിന് ഒരു മത്സരത്തിൽ വിലക്ക് നേരിട്ട ശേഷമാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ടീമിന് വേണ്ടി ഗുജറാത്ത് ടൈറ്റൻസിനെതിരെ കളത്തിലിറങ്ങിയത്. ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ്, കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റൻമാരെ വിലക്കുന്നത് നിർത്തലാക്കാൻ ഐപിഎൽ തീരുമാനിച്ചിരുന്നു. അതേസമയം, ഹാർദിക്കിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ദിനമായിരുന്നു അഹമ്മദാബാദിലേത്. ബൗളിംഗിൽ 4 ഓവറിൽ വെറും 29 റൺസ് മാത്രം വഴങ്ങിയ ഹാര്‍ദിക് 2 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. ബാറ്റിംഗിനിടെ ഗുജറാത്ത് താരം സായ് കിഷോറുമായി ഹാര്‍ദിക് ഇടയുകയും ചെയ്തു. അമ്പയര്‍മാര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്.
മത്സര ശേഷം സായ് കിഷോറും ഹാര്‍ദികും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് ഇരുടീമുകളുടെയും ആരാധകര്‍ക്ക് സന്തോഷം നൽകിയ കാഴ്ചയായി. ഹാര്‍ദിക് തന്‍റെ നല്ല സുഹൃത്താണെന്നും കളിക്കളത്തിനകത്ത് ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും സായ് കിഷോര്‍ പറഞ്ഞു. മത്സരത്തിനിടെയുണ്ടാകുന്ന സംഭവങ്ങൾ രണ്ടുപേരും വ്യക്തിപരമായി എടുക്കാറില്ലെന്നും താരം വ്യക്തമാക്കി. തിങ്കളാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ വിജയിച്ച് ശക്തമായി തിരിച്ചുവരാനായില്ലെങ്കിൽ മുന്നോട്ടുള്ള യാത്രയിൽ മുംബൈയ്ക്ക് ഏറെ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.
READ MORE: ഹാട്രിക് തോൽവി ഒഴിവാക്കാൻ രാജസ്ഥാൻ, തിരിച്ചടിക്കാൻ ചെന്നൈ; ഐപിഎല്ലിൽ ഇന്ന് ആവേശപ്പോര്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!