
മുംബൈ: മുന്‍ നായകന്‍ രോഹിത് ശര്‍മ അടുത്ത ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് പോയേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുംബൈ ഇന്ത്യൻസ്. രോഹിത് ശര്‍മയുടെ പേഴ്സണല്‍ ട്രെയിനറും അടുത്ത സുഹൃത്തുമായ അഭിഷേക് നായര്‍ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായതോടെ രോഹിത് അടുത്ത സീസണില്‍ മുംബൈ വിടുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു.
കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി കൂടുതല്‍ മത്സരങ്ങളിലും ഇംപാക്ട് പ്ലേയറായിട്ടായിരുന്നു രോഹിത് ഗ്രൗണ്ടിലിറങ്ങിയത്. എന്നാല്‍ സൂര്യൻ നാളെയും ഉദിക്കും, അതുറപ്പാണ്, പക്ഷെ രാത്രി സൂര്യനുദിക്കില്ലെന്ന് മാത്രമല്ല, അസാധ്യവുമാണ് എന്നായിരുന്നു കൊല്‍ക്കത്തയുടെ പേര് പരോക്ഷമായി പരാമര്‍ശിച്ച് രോഹിത്തതിന്‍റെ ചിത്രം വെച്ച് മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ആഭ്യന്തര ക്രിക്കറ്റിൽ ദീര്‍ഘകാലം ഒരുമിച്ച് കളിച്ച രോഹിത്തിന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായി ഇന്ന് നിയമിതനായ അഭിഷേക് നായര്‍. അടുത്തിടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് രോഹിത് ശരീരഭാരം കുറച്ചതും അഭിഷേകിന്‍റെ മേല്‍നോട്ടത്തിലായിരുന്നു.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്നും ഈ വര്‍ഷം ഐപിഎല്ലിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച രോഹിത് ഏകദിനങ്ങളില്‍ മാത്രമാണ് നിലവില്‍ ഇന്ത്യക്കായി കളിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത അര്‍ധസെഞ്ചുറിയും നേടിയ രോഹിത് കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലാവും രോഹിത് ഇനി ഇന്ത്യക്കായി കളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!