
ചെന്നൈ: കൊവിഡ് ആശങ്കകൾക്കിടയിൽ ഐപിഎൽ പതിനാലാം സീസണ് ഇന്ന് ചെന്നൈയിൽ തുടക്കമാകുന്നു. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ആദ്യ കിരീടം ലക്ഷ്യമിടുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഉദ്ഘാടന മത്സരത്തിൽ നേരിടും. വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരത്തിന് തുടക്കമാവുക.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും വീണ്ടും നേർക്കുനേർ വരുന്നു എന്നതാണ് മത്സരത്തിന്‍റെ പ്രത്യേകത. ചാമ്പ്യൻ ടീമിലെ ഒട്ടുമിക്ക താരങ്ങളെയും നിലനിർത്തിയാണ് മുംബൈ ഇന്ത്യൻസ് എത്തുന്നത്. ക്വാറന്റീൻ പൂർത്തിയാക്കിയ കീറോൺ പൊള്ളാർഡും മുംബൈ ക്യാമ്പിലെത്തി. രോഹിത് ശർമ്മയ്‌ക്കൊപ്പം ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര, പാണ്ഡ്യ സഹോദരൻമാർ, ട്രെന്റ് ബോൾട്ട് തുടങ്ങിയവർ കൂടി ചേരുമ്പോൾ മുംബൈ അതിശക്തരാണ്.
വിരാട് കോലി, എ ബി ഡിവിലിയേഴ്സ് എന്നിവർക്കൊപ്പം ഗ്ലെൻ മാക്സ്‍വെല്ലും കെയ്ൽ ജാമിസണും സച്ചിൻ ബേബിയും മുഹമ്മദ് അസ്‌ഹറുദ്ദീനും ഇത്തവണ ആർസിബി നിരയിലുണ്ട്. സ്‌പിൻ കരുത്തായി യുസ്‍വേന്ദ്ര ചാഹലും വാഷിംഗ്ടൺ സുന്ദറും ടീമിനൊപ്പമുണ്ട്. ഓപ്പണര്‍ ദേവ്ദത്ത് പടിക്കൽ കൊവിഡ് മുക്തനായി തിരിച്ചെത്തിയതും ബാംഗ്ലൂരിന് ആശ്വാസം പകരുന്ന ഘടകങ്ങളാകുന്നു.
മുംബൈയും ബാംഗ്ലൂരും 30 മത്സരങ്ങളിൽ ഇതുവരെ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനെട്ടിൽ മുംബൈയും പന്ത്രണ്ടിൽ ബാംഗ്ലൂരും ജയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. ആദ്യ പതിനേഴ് മത്സരങ്ങൾ ചെന്നൈയിലും മുംബൈയിലും നടക്കും. ഡൽഹി, അഹമ്മദാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവയാണ് ഈ സീസണിലെ മറ്റ് വേദികൾ. ഫൈനലിന് മേയ് 30ന് അഹമ്മദാബാദ് വേദിയാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!