'താരങ്ങള്‍ വിഡ്ഢികളൊന്നുമല്ല; ഐപിഎല്‍ നടത്തിപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് നാസര്‍ ഹുസൈന്‍

By Web TeamFirst Published May 5, 2021, 8:16 PM IST
Highlights

 ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് താരങ്ങളെന്നും ഹുസൈന്‍ പറഞ്ഞു. ഐപിഎല്‍ നേരത്തെ തന്നെ നിര്‍ത്തേണ്ടതായിരുന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തറും പറഞ്ഞിരുന്നു.
 

ലണ്ടന്‍: ഐപിഎല്‍ സംഘാടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. ടൂര്‍ണമെന്റ് നേരത്തെ നിര്‍ത്തിവേക്കേണ്ടതായിരുന്നുവെന്ന് ഹുസൈന്‍ വ്യക്തമാക്കി. ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് താരങ്ങളെന്നും ഹുസൈന്‍ പറഞ്ഞു. ഐപിഎല്‍ നേരത്തെ തന്നെ നിര്‍ത്തേണ്ടതായിരുന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തറും പറഞ്ഞിരുന്നു. 

എന്തായാലും നാസര്‍ ഹുസൈന്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഐപിഎല്‍ കളിക്കുന്ന താരങ്ങള്‍ വിഡ്ഢികളൊന്നുമല്ല. ഇന്ത്യയില്‍ എന്താണ് സംഭിക്കുന്നതെന്ന വ്യക്തമായ ബോധ്യമുള്ളവരാണ് അവര്‍. ഓക്സിജന് വേണ്ടി മനുഷ്യര്‍ യാചിക്കുന്നത് കളിക്കാര്‍ ടെലിവിഷന്‍ ന്യൂസുകളില്‍ കണ്ടിട്ടുണ്ടാകും. സാഹചര്യം ഇത്രത്തോളം മോശമായിട്ടും ടൂര്‍ണമെന്റ് എങ്ങനെയാണ് ഇത്രയും മുന്നോട്ടുകൊണ്ടുപോകാന്‍ തോന്നിയത്. ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ ഐപിഎല്‍ മാറ്റിവെയ്ക്കേണ്ടതായിരുന്നു. 

ആശുപത്രികള്‍ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട ആംബുലന്‍സും കളിക്കാര്‍ കണ്ടിട്ടുണ്ടാകും. ഇതെല്ലാം കണ്ട് ഈ പ്രതിസന്ധി ഘട്ടത്തില്‍ കളിക്കുന്നത് ശരിയാണോ എന്ന ചോദ്യവും അവരുടെ മനസ്സില്‍ ഉയര്‍ന്നിട്ടുണ്ടാകും. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത് തന്നെയാണ് ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യത്തെ തെറ്റ്.

ആറ് മാസം മുമ്പ് വളരെ ഭംഗിയായിട്ടാണ് യുഎഇയില്‍ ടൂര്‍ണമെന്റ് നടത്തിയത്. അവിടെ കോവിഡ് കേസുകള്‍ കുറവായിരുന്നു. ബയോ ബബിള്‍ സര്‍ക്കിളും സുരക്ഷിതമായിരുന്നു. ഈ സീസണും അവിടെ തന്നെ കളിക്കാമായിരുന്നു.'' ഹുസൈന്‍ പറഞ്ഞു. 

ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാസര്‍ ഹുസൈന്റെ പ്രതികരണം. ഐപിഎല്ലില്‍ നാല് കളിക്കാര്‍ക്കും രണ്ട് സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഉള്‍പ്പെടെ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ടൂര്‍ണമെന്റ് നിര്‍ത്തിവെയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.

click me!